ഇതാണ് നന്ദി പറയാനുള്ള അവസരം! ഇവർ ഇല്ലായിരുന്നെങ്കിൽ മടക്കയാത്ര അസാധ്യമായേനെ
text_fieldsവിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അപകടത്തെ കുറിച്ച് നടൻ പൃഥ്വിരാജ്. ആക്ഷൻ രംഗത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഏകദേശം മൂന്നു മാസത്തോളം വിശ്രമത്തിലായിരുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ തന്നെ സഹായിച്ച ഡോക്ടറിനും ഫിസിയോതെറാപ്പിസ്റ്റിനും നന്ദി പറയുകയാണ് നടൻ.സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടൻ നന്ദി അറിയിച്ചത്.
'വിലായത്ത് ബുദ്ധയിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ചാടി കാൽമുട്ടിന് പരുക്കേറ്റിട്ട് മൂന്ന് മാസമായി. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. അന്നുമുതൽ പഴയ ജീവിതത്തിലേക്ക് തിരികെയെത്തുന്നതിനെ കുറിച്ചായിരുന്നു ചിന്ത.
ഇതാണ് എല്ലാവരോടും നന്ദി പറയാനുള്ള സമയമെന്ന് തോന്നുന്നു. ഡോക്ടർ ജേക്കബ് വർഗീസിനെക്കുറിച്ചാണ് ആദ്യം പറയാനുള്ളത്. ലേക്‌ഷോറിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മികച്ച ടീമിനൊപ്പം എന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ ചെയ്ത വിദഗ്ദനായ സർജനാണ്. അദ്ദേഹത്തിന്റെ പരിചരണവും മാർഗനിർദേശവും ഇല്ലായിരുന്നെങ്കിൽ മടക്കയാത്ര കഠിനമായേനെ.
അടുത്തതായി പറയാനുള്ളത് ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. സുഹാസിനെ കുറിച്ചാണ്. ഒരു ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ നിന്ന് വിജയകരമായി സുഖം പ്രാപിച്ച ഏതൊരാൾക്കും ശസ്ത്രക്രിയ പോലെ തന്നെ അതിനു ശേഷമുള്ള ഫിസിയോതെറാപ്പിയും ഏറെ പ്രധാനമാണ്. എന്റെ കാൽ സുഖം പ്രാപിക്കാനായി മികച്ച ചികിത്സയാണ് ഡോ. സുഹാസ് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ സേവനം ഇനിയും എനിക്ക് ആവശ്യമുണ്ട്. കൂടാതെ അദ്ദേഹനൊപ്പം പ്രവർത്തിച്ച ഫിസിയോതെറാപ്പിസ്റ്റ് രാകേഷിനെ ഓർമിക്കാതിരിക്കാൻ കഴിയില്ല. എല്ലാ ദിവസവും ചിലപ്പോൾ ഒരു ദിവസം 4 തവണ വരെ ഫിസിയോ തെറാപ്പി സെഷനുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും സമയമെടുക്കും. അതുകൊണ്ട് എന്റെ ഫിസിയോതെറാപ്പിയും മറ്റ് ചികിത്സകളും തുടരേണ്ടിവരും. മൂന്നു മാസം മുൻപ് ഞാൻ എവിടെയായിരുന്നോ അവിടെ മടങ്ങിയെത്താൻ എന്നെ സഹായിച്ചത് ഈ ടീമിന്റെ അർപ്പണബോധവും ആത്മാർഥതയുമാണ്. നിങ്ങളുടെ പ്രതിബദ്ധതക്കും പ്രചോദനാത്മകമായ ആത്മസമർപ്പണത്തിനും നന്ദി. ജോലിയിൽ തിരിച്ചെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഏവരെയും ആവേശം കൊള്ളിക്കുന്ന അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.. പൃഥ്വിരാജ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.