അധികം അഭിനയിച്ച ഏഴ് ദിവസത്തെ പ്രതിഫലം അജു വാങ്ങിയില്ല; സ്വന്തം സിനിമ പോലെ ധ്യാൻ കൂടെ നിന്നു; നിർമാതാവ് വെള്ളം മുരളി
text_fieldsസിനിമ പ്രമോഷനുകളിൽ നിന്ന് താരങ്ങൾ വിട്ടുനിൽക്കുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടൻ പദ്മിനി സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി നടൻ കുഞ്ചാക്കോ ബോബനെതിരെ രംഗത്ത് എത്തിയിരുന്നു. 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകൾ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ ഉത്തരവാദിത്വമാണെന്നും നിർമാതാവ് പറഞ്ഞു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിർമാതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
സിനിമ പ്രമോഷനുകളിലെ താരങ്ങളുടെ അഭാവം ചർച്ചയാകുമ്പോൾ തന്റെ അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന നദികളിൽ സുന്ദരി യമുനയാണ് മുരളി നിർമിക്കുന്ന പുതിയ ചിത്രം.
സിനിമ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ചർച്ചയാകുമ്പോൾ തനിക്ക് പറയാനുള്ളത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർഥതയുടെ ഊഷ്മളമായ അനുഭവമാണ്. ധ്യാനും അജുവും സിനിമക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും അധികമായി ഏഴ് ദിവസം അഭിനയിച്ചതിന്റെ പണം അജു വാങ്ങിയില്ലെന്നും താരങ്ങളൊടൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിനിമ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച് റീലീസിങ്ങിന് തയ്യാറായ "നദികളിൽ സുന്ദരി യമുന" എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെ തായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകർ, ക്യാമറമേൻ, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട്ചർച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു വ്യക്തമായ നിർദ്ദേശങ്ങൾ നൽക്കി.
സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ " ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ" എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച- മുരളി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.