വിടപറഞ്ഞത് കന്നഡ സിനിമയുടെ രാജകുമാരൻ
text_fieldsകന്നഡ സിനിമയിലെ എക്കാലത്തേയും മഹാനടൻ രാജ്കുമാറിന്റെ മകനായി ജനനം. രക്തത്തിലലിഞ്ഞുചേർന്ന അഭിനയപാടവത്തെ അതിമികവോടെ വെള്ളിത്തിരയിൽ അവതരിപ്പിച്ച മകനും പിതാവിനു പിന്നാലെ സൂപ്പർ താര പരിവേഷത്തിലേക്ക് എളുപ്പം നടന്നടുക്കുകയായിരുന്നു. കന്നഡ മണ്ണിലെ സൂപ്പർതാര കുടുംബത്തിലെ അംഗമെന്ന നിലയിൽ ആരാധകർ പുനീതിനെ സ്വീകരിച്ചു.
പാരമ്പര്യം പിന്തുടർന്ന് ബാലതാര വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ പുനീത് രാജ്കുമാറിന് കരിയറിൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലെന്നതാണ് സത്യം. ബാലതാരമായി അഭിനയിച്ച് ദേശീയ അവാർഡിനർഹമായ മികവുതന്നെ ജന്മസിദ്ധമായി ലഭിച്ച അഭിനയസിദ്ധിക്ക് അടിവരയിടുന്നതായിരുന്നു.
കർണാടക സർക്കാറിന്‍റെ മികച്ച ബാലനടനുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും രണ്ടുതവണ വീതവും മറ്റു നിരവധി പുരസ്കാരങ്ങളും ചെറിയ പ്രായത്തിനുള്ളിൽ പുനീതിനെ തേടിയെത്തിയിട്ടുണ്ട്. ഗായകൻ, അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, നിർമാതാവ് എന്നീ രംഗങ്ങളിൽ തിളങ്ങി.
ബാലതാരമായിരുന്നപ്പോൾ വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. 1985ൽ ബൊട്ടാഡ ഹൂവുവിലെ രാമു എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
2002ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായക കഥാപാത്രമായി കന്നഡ സിനിമ ലോകത്തേക്ക് പുനീത് കടന്നുവന്നത്. പിന്നീട് സിനിമ ആരാധകർ പുനീതിനെ അപ്പു എന്ന ഓമനപ്പേരിൽ വിളിക്കാൻ തുടങ്ങി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പുനീത് തിളങ്ങി. പവർ സ്റ്റാറെന്ന വിശേഷണം കന്നഡയിൽ അദ്ദേഹം സ്വന്തമാക്കി.
കന്നഡ സിനിമയിൽ ഏറ്റവും ജനപ്രതീയുള്ള പ്രതിഫലം വാങ്ങുന്ന താരമായി മാറി പുനീത്. 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.