'കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ നടക്കുമെന്ന് തെളിയിക്കാൻ മഴവില്ലുണ്ട്'; കുന്ദ്രക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ശിൽപ
text_fieldsമുംബൈ: നീലചിത്ര നിർമാണ വിതരണകേസിൽ ഭർത്താവ് രാജ് കുന്ദ്രക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബോളിവുഡ് താരം ശിൽപ ഷെട്ടി. ചൈനീസ് -അമേരിക്കൻ മോഡേൺ വാസ്തുശിൽപ്പി റോജർ ലീയുടെ ഉദ്ധരണി പങ്കുവെച്ചാണ് ശിൽപയുടെ പോസ്റ്റ്.
'കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ നടക്കുമെന്ന് തെളിയിക്കാൻ ഇവിടെ മഴവില്ലുണ്ട്' -എന്നായിരുന്നു ശിൽപയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്.
നേരത്തേ, രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നിഗൂഡമായ പോസ്റ്റുകൾ പങ്കുവെച്ച് ശിൽപ ഷെട്ടി രംഗത്തെത്തിയിരുന്നു. തന്‍റെ ജീവിതത്തെക്കുറിച്ച് പ്രതീകാത്മക പോസ്റ്റുകളാണ് ശിൽപ പങ്കുവെച്ചത്.
നീലചിത്ര നിർമാണ വിതരണ കേസുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് അറസ്റ്റിലായ രാജ് കുന്ദ്രക്ക് സെപ്റ്റംബർ 20ന് ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപ ജാമ്യത്തുക കെട്ടിവെച്ചും മറ്റു ഉപാധികളോടെയുമാണ് ജാമ്യം. ഐ.ടി തലവൻ റയാൻ തോർപെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേർക്കുമെതിരെ ക്രൈം ബ്രാഞ്ച് ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു. നീലചിത്രം നിർമിച്ച് മൊബൈൽ ആപ്ലിക്കേഷനുകളായ ഹോട്ട്ഷോട്ട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവർക്കെതിരായ കേസ്.
ഭർത്താവിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശിൽപയെയും മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കേസുമായി നടിക്ക് ബന്ധമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
നീലച്ചിത്ര നിർമാണ വിതരണവുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസിന്റെ ഐ.ടി തലവനായ റയാൻ തോർപെയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 11 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതുപേർക്കെതിരെ പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെയും ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു.
നീലച്ചിത്രറാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.