സിഗരറ്റ്, മദ്യം, മാംസം, അപകടകരമായ കോമ്പിനേഷനായിരുന്നു ജീവിതം; എന്റെ ദുശ്ശീലങ്ങളെല്ലാം മാറ്റിയത് അവർ
text_fieldsതന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തി സൂപ്പർ സ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറായിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ തന്നെ മാറ്റിമറിച്ച് ആരോഗ്യകരമായ ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് അവരാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ് നാടകമായ ചാരുകേശിയുടെ 50-ാം ദിനാഘോഷത്തിന് മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് താരം മനസുതുറന്നത്.
ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ.ജി. മഹേന്ദ്രയും രജനീകാന്തിന് ഒപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.‘വൈ.ജി. മഹേന്ദ്രയെക്കുറിച്ച് ഞാൻ എന്താണ് പറയുക? ലതയെ പരിചയപ്പെടുത്തിയതും എനിക്ക് വിവാഹം കഴിച്ചു തന്നതും അദ്ദേഹമാണ്. എനിക്ക് ഇപ്പോൾ 73 വയസ്സായി. എന്റെ ആരോഗ്യത്തിന് കാരണം എന്റെ ഭാര്യയാണ്. ഞാൻ ഒരു ബസ് കണ്ടക്ടറായിരിക്കുമ്പോൾ, തെറ്റായ കൂട്ടുക്കെട്ടുകൾ കാരണം, എനിക്ക് നിരവധി മോശം ശീലങ്ങൾ ഉണ്ടായിരുന്നു. അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു ഞാൻ. നിത്യവും മദ്യപിക്കുമായിരുന്നു. ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല. സിനിമയിൽ വന്നതിനു ശേഷം പണവും പ്രശസ്തിയും കൂടിയപ്പോൾ ഇതൊക്കെ എത്രത്തോളം വർധിച്ചിട്ടുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ’-രജനി പറഞ്ഞു.
‘ദിവസവും രാവിലെ എനിക്ക് മട്ടൺ പായ സൂപ്പും അപ്പവും ചിക്കനും കഴിക്കണം. സസ്യാഹാരികളെ ഞാൻ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് വരെ ഞാൻ അത്ഭുതപ്പെടുമായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ, സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായൊരു കോമ്പിനേഷനാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവർ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്, ആരെയും പേരെടുത്ത് പരാമർശിക്കുന്നില്ല’- അദ്ദേഹം പറഞ്ഞു.
തന്റെ നല്ല ആരോഗ്യത്തിന് കാരണം ഭാര്യ ലതയാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. ‘അവളെന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തു. സ്നേഹത്തോടെയും ശരിയായ ഡോക്ടർമാരുടെയും സഹായത്തോടെയും അവളെന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തു. അതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു’-രജനീകാന്ത് പറയുന്നു.
സ്റ്റൈലിൽ സിഗരറ്റ് വലിക്കുന്നത് ഒരുകാലത്ത് രജനികാന്ത് ചിത്രങ്ങളുടെ ട്രേഡ് മാർക്ക് ആയിരുന്നു. നിരവധി ചിത്രങ്ങളിൽ രജനീകാന്ത് ഇത്തരത്തിൽ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇതെല്ലാം വർഷങ്ങളായി താരത്തിന്റെ ആരാധകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നതിലും തെറ്റില്ല.
എന്നാൽ 2005ൽ ഇറങ്ങിയ ‘ചന്ദ്രമുഖി’ എന്ന സിനിമ മുതൽ, സ്‌ക്രീനിൽ ഈ ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് രജനീകാന്ത് തീരുമാനിക്കുകയായിരുന്നു. നെൽസൺ ചിത്രമായ ജയിലറാണ് രജനിയുടെ വരാനിരിക്കുന്ന ചിത്രം. സൺ പിക്‌ച്ചേഴ്‌സ് ആണ് നിർമാണം. നടൻ മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ജയിലർ. കന്നഡ സിനിമാ മേഖലയിലെ പ്രമുഖ താരമായ ശിവരാജ് കുമാറും ജയിലറിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ഡിസംബറിൽ പുറത്തുവന്നിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് സൂപ്പർസ്റ്റാർ രജിനീകാന്ത് ചെയ്യുന്നത്. സംവിധായകൻ നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.