ആസിഫലിയെ അപമാനിച്ചിട്ടില്ലെന്ന് രമേശ് നാരായണൻ; ‘പുരസ്കാരം തരുന്നത് ആസിഫാണെന്ന് അറിഞ്ഞിരുന്നില്ല, ക്ഷമ ചോദിക്കുന്നു’
text_fieldsതിരുവനന്തപുരം: 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിൽ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായൺ. ഒരിക്കലും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ആസിഫലിയാണ് അവാർഡ് തരുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറേ താരങ്ങൾക്ക് നടുവിൽനിന്ന് ആസിഫലി ഓടിവന്ന് പുരസ്കാരം തന്നു. ജയരാജ് അവിടെ വേണം എന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞാൻ വേദിയിലേക്ക് വിളിച്ചത്. ഇതിനിടെ ആസിഫ് എങ്ങോ പോയി മറഞ്ഞു. ആസിഫും കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ മൂവരും കൂടി ഒരു സ്നേഹപ്രകടനം ആകുമായിരുന്നു. അല്ലാതെ ഒരിക്കലും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചതല്ല. ആസിഫ് എനിക്ക് പ്രിയപ്പെട്ടയാളാണ്. ആസിഫിന്റെ അഭിനയം എനിക്കേറെ ഇഷ്ടമാണ്. ആസിഫിനെ വിളിക്കാൻ ഇരിക്കുകയാണ്. തെറ്റുപറ്റിയെങ്കിൽ ഞാൻ മാപ്പ് ചോദിക്കും. ദൈവസഹായം കൊണ്ട് എനിക്ക് എത്രയോ പുരസ്കാരം കിട്ടിയ ആളാണ് ഞാൻ. പുരസ്കാരം ആഗ്രഹിച്ചല്ല അവിടെ പോയത്. എം.ടി വാസുദേവൻ നായരെ നമസ്കരിക്കണം എന്നാഗ്രഹിച്ചാണ് ഞാൻ അവിടെ പോയത്’ -രമേശ് നാരായൺ പറഞ്ഞു.
എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ ഒന്ന് മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന ജയരാജനെ വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ജയരാജന്‍ സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന് ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.