ഒടുവിൽ മേട്രന് കമ്പിളി പുതപ്പുമായി ഗോപാലകൃഷ്ണനെത്തി; മധുരതരമീ കൂടിക്കാഴ്ച്ച
text_fieldsമലയാളികളുടെ ഓർമകൾക്ക് എന്നും തിളക്കമേകുന്ന സിനിമയാണ് റാംജി റാവു സ്പീക്കിങ്. വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് കൾട്ട് ക്ലാസിക് ആയ സിനിമയാണിത്. ഈ സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുമെല്ലാം മലയാളിക്ക് സുപരിചിതവുമാണ്. അത്തരത്തിൽ ഒന്നാണ് ‘കമ്പിളിപ്പുതപ്പ്’.
റാംജി റാവു സ്പീക്കിങിലെ മുകേഷിന്‍റെ കഥാപാത്രമായ ഗോപാലകൃഷ്ണൻ ശരണാലയത്തിലെ മേട്രനെ പറ്റിക്കുന്ന സീനാണ് പിൽക്കാലത്ത് മലയാളികൾക്കിടയിൽ ‘കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്’ എന്ന പേരിൽ പ്രശസ്തമായത്. ഫോൺവിളിച്ചാൽ കേട്ടിട്ടും കേൾക്കാത്തപോലെ അഭിനയിക്കാനുള്ള മലയാളിയുടെ കോഡുവാക്കായി പിന്നീട് കമ്പിളിപ്പുതപ്പ് മാറി. ആ രംഗത്തിൽ മുകേഷിനെക്കൂടാതെ ഉണ്ടായിരുന്നത് ശരണാലയത്തിലെ മേട്രൺ കഥാപാത്രം ചെയ്ത അമൃതം ടീച്ചറായിരുന്നു. റാംജി റാവു സംഭവിച്ച് വർഷങ്ങൾക്കിപ്പുറം ഗോപാലകൃഷ്ണനും മേട്രനും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ അതൊരു പരസ്യ ചിത്രത്തിനുവേണ്ടിയാണെന്നുമാത്രം.
വർഷങ്ങൾക്കിപ്പുറം ആ കമ്പിളിപ്പുതപ്പിന്റെ കടം വീട്ടാനാണ് ഗോപാലകൃഷ്ണൻ മേട്രനെ കാണാനെത്തിയത്. പുതിയ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനായ റജിൻ എസ്. ബാബു ആണ്. ‘എല്ലാവർക്കും കാണും കൊടുക്കാൻ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങൾ’ എന്ന തീമിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഈ ലോകത്ത് മുകേഷിനും അമൃതം ടീച്ചർക്കും മാത്രം അഭിനയിക്കാൻ സാധിക്കുന്ന പരസ്യമാണിതെന്നാണ് സംവിധായകൻ പറയുന്നത്.
‘റാംജി റാവു സ്പീക്കിംഗ്,’ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, ‘മക്കൾ മാഹാത്മ്യം’, ‘ശരിയോ തെറ്റോ,’ ‘ഈണം മറന്ന കാറ്റ്,’ ‘പൊലീസ് ഡയറി, എന്നിങ്ങനെ ഏതാനും സിനിമകളിൽ അമൃതം ടീച്ചർ എന്ന് അറിയപ്പെടുന്ന അമൃതം ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ‘അള്ള് രാമേന്ദ്രനി’ലും ചെറിയൊരു വേഷം ചെയ്തിരുന്നു. ‘തച്ചോളി അമ്പു,’ ‘മാമാങ്കം’ എന്നിങ്ങനെ 14 മലയാളം ചിത്രങ്ങൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുണ്ട് ഇവർ. ‘ബാക്ക് വാട്ടർ’ എന്ന ഇംഗ്‌ളീഷ് ചിത്രത്തിനും ‘ഓട്ടോഗ്രാഫ്’ എന്ന തെലുങ്ക് ചിത്രത്തിനും നൃത്തമൊരുക്കി.
ആലപ്പുഴയിൽ ‘നൃത്യതി’ എന്ന ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് അമൃതം ടീച്ചർ. ഡാൻസ് സ്‌കൂളിന് നൃത്യതി’ എന്ന പേരു നൽകിയത് കാവാലം നാരായണപ്പണിക്കരാണ്. മന്ത്രി വീണാ ജോർജ്, ജലജ, മങ്ക മഹേഷ് എന്നിവരൊക്കെ അമൃതം ടീച്ചറുടെ ശിഷ്യരാണ്. നടൻ കുഞ്ചാക്കോ ബോബൻ ഡാൻസ് പഠിക്കാൻ തന്റെയടുത്തു വന്നിട്ടുണ്ടെന്നും ടീച്ചർ പറയുന്നു. 86 വയസ്സുണ്ട് അമൃതം ടീച്ചർക്ക് ഇപ്പോൾ. ആലപ്പുഴക്കാരിയാണ്.
‘ഇത്രയും കൊല്ലമായിട്ടും ‘എടാ ഗോപാലകൃഷ്ണാ’ എന്നു വിളിക്കുമ്പോൾ അത് മനസ്സിലാവാത്ത മലയാളികളില്ല എന്നത് ആ സിനിമയുടെ ഗ്രിപ്പും ആ കഥയുടെയും കഥാപാത്രങ്ങളുടെയും ഡെപ്ത്തുമാണ് കാണിക്കുന്നത്. നമ്മളിങ്ങനെ ഒരു പരസ്യമൊക്കെ എടുത്തു കഴിഞ്ഞിട്ട്, ഇതേതു ഗോപാലകൃഷ്ണൻ എന്നു ചോദിച്ചാൽ തീർന്നില്ലേ! ഇവിടെ പക്ഷേ കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാവും എന്നതാണ് വലിയ അച്ചീവ്മെന്റായി തോന്നിയത്’- മുകേഷ് പറയുന്നു.
‘റാംജി റാവു സ്പീക്കിങി’ലേക്ക് എത്തിപ്പെട്ടത് ഒരു നിയോഗം പോലെയാണെന്ന് ടീച്ചർ പറയുന്നു. ‘ഒരായിരം കിനാക്കൾ’ എന്ന പാട്ട് ചിട്ടപ്പെടുത്താൻ ചെന്നതായിരുന്നു ടീച്ചർ. സംവിധായകൻ സിദ്ദിഖാണ് ഹോസ്റ്റൽ വാർഡന്റെ വേഷം അഭിനയിക്കാമോ എന്നു ചോദിക്കുന്നത്. ഒരൊറ്റ സീനിൽ വന്നുപോവുന്ന ആ കഥാപാത്രമാവട്ടെ, മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നായി മാറുകയും ചെയ്തു.
‘വേലക്കാരൻ’ (1953) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു അമൃതം ടീച്ചറുടെ അരങ്ങേറ്റം. തിക്കുറുശ്ശി, കെ ജി ശ്രീധരൻനായർ എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു ഇത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ചിത്രത്തിലുണ്ടായിരുന്നു. അമൃതം ഗോപിനാഥന്റെ ഗുരുനാഥൻ രാമുണ്ണിയായിരുന്നു ആ സിനിമയുടെ നൃത്തസംവിധായകൻ.
തൃപ്പുണിത്തുറ ആർ. എൽ.വി കോളേജ് പ്രൊഫസറായിരുന്ന ഗോപിനാഥ മേനോൻ ആണ് അമൃതം ടീച്ചറുടെ ഭർത്താവ്. സംഗീതാ മേനോൻ, സബിതാ മേനോൻ, സന്ധ്യാ മേനോൻ, സന്തോഷ് മേനോൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.