സോഷ്യൽ മീഡിയ തകർത്ത ചിത്രം; ഞങ്ങളുടെ കഷ്ടപ്പാട് ആരും കണ്ടില്ല - രൺബീർ കപൂർ
text_fieldsകഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു സന്ദീപ് റെഡ്ഡി വങ്ക- രൺബീർ കപൂർ കൂട്ടുകെട്ടിലൊരുങ്ങിയ 'അനിമൽ'. മികച്ച കളക്ഷൻ നേടിയെങ്കിലും നിരവധി വിമർശനങ്ങൾ ചിത്രത്തിന് കേൾക്കേണ്ടി വന്നിരുന്നു. വയലൻസ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങൾ, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. സിനിമ മേഖലയിൽ നിന്നു പോലും അനിമലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.വിമർശനങ്ങൾക്കും വിവാദങ്ങൾക്കിടയിലും ചിത്രം ബോക്സോഫീസിൽ സ്ഥാനം നേടി. 100 കോടി ബജറ്റിലൊരുങ്ങിയ അനിമൽ ഏകദേശം 915.53 കോടിയാണ് തിയറ്ററുകളിൽ നിന്ന് സമാഹരിച്ചത്.
അനിമൽ സാമ്പത്തിക വിജയം നേടിയെങ്കിലും നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.ചിത്രത്തിന്റെ നെഗറ്റീവ് പ്രതികരണത്തിന്റെ കാരണം സോഷ്യൽ മീഡിയയാണെന്നാണ് നടൻ രൺബീർ കപൂർ പറയുന്നത്. സോഷ്യൽ മീഡിയ ചിത്രത്തിന് സ്ത്രീ വിരുദ്ധതയുടെ ടാഗ് നൽകിയെന്നും എന്നാൽ ആരും ആ സിനിമക്ക് പിന്നിലെ തങ്ങളുടെ കഷ്ടപ്പാടോ കഠിനാധ്വാനമോ കണ്ടില്ലെന്നും നടൻ പറഞ്ഞു.
'സോഷ്യൽ മീഡിയ നാശം വിതച്ച ചിത്രമാണ് അനിമൽ. അവർക്ക് സംസാരിക്കാൻ എന്തെങ്കിലും ആവശ്യമായിരുന്നു. അതിന് വേണ്ടി സ്ത്രീവിരുദ്ധതയുടെ ടാഗിട്ട് ചർച്ചയാക്കി. ഈ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡിയുടെ കബീർ സിങിന് സംഭവിച്ചതെന്താണെന്ന് എനിക്ക് അറിയാം. അതു തന്നെയാണ് അനിമലിനും സംഭവിച്ചത്. ഞങ്ങളുടെ പ്രയത്നം അവിടെ ഒന്നുമല്ലാതായി. കാരണം ചിത്രത്തിന് സ്ത്രീവിരുദ്ധതയെന്നുള്ള പേര് വീണു കഴിഞ്ഞു. പൊതുസമൂഹത്തിൽ ചിത്രത്തിനൊപ്പം ഈ ധാരണയും നിലനിന്നു. ഇതു ഒരിക്കലും ശരിയല്ല- രൺബീർ തുടർന്നു.
സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാൻ കണ്ട പലരും നിരാശയായിരുന്നു പങ്കുവെച്ചത്. ഈ ചിത്രം ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് പറഞ്ഞത്. സിനിമാ മേഖലയിൽ നിന്നും ഇതേ അഭിപ്രായം വന്നു. എന്നാൽ ആ അഭിപ്രായം എനിക്കില്ല.എന്റെ കരിയർ മാറ്റിയ, ഇമേജ് ബ്രേക്ക് ചെയ്ത ചിത്രാണ് അനിമൽ. അതുവരെ എന്നെ തേടിയെത്തിയിരുന്നത് നല്ല കുട്ടി ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു. സിനിമ ജീവിതത്തിലെ അങ്ങനെയൊരു ഘട്ടത്തിലാണ് അനിമൽ ചെയ്തത്. ആരോടും തർക്കിക്കാനോ വിവാദങ്ങൾക്കോയില്ല, എന്റെ ജോലി ഇഷടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം. അടുത്ത തവണ മികച്ചതാക്കാൻ ശ്രമിക്കും.
അനിമലിന് മുമ്പുവരെ കരിയറിൽ ഒരു ദിശയിലാണ് ഞാൻ സഞ്ചരിച്ചത്. നല്ല സാമൂഹിക സന്ദേശങ്ങൾ നൽകുന്ന നല്ല ഇമേജുള്ള ചിത്രങ്ങൾ ചെയ്തു. അതിൽ നിന്ന് പക്വമായ കഥാപാത്രം ചെയ്തു. തുടക്കത്തിൽ പ്രേക്ഷകർ എന്നെ സ്വീകരിക്കുമോയെന്ന് ഭയമുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ, തിയറ്ററുകളിൽ നിന്ന് ഞങ്ങളെ അതിശയിപ്പിക്കുന്ന പ്രതികരണം ലഭിച്ചു. മികച്ച കളക്ഷൻ ചിത്രം നേടിത്തന്നു. ഞങ്ങൾക്ക് വളരെയധികം സ്നേഹം ലഭിച്ചു. എന്നാൽ സിനിമയെ വിമർശിച്ച വലിയ വിഭാഗം പ്രേക്ഷകരുമുണ്ട്'- രൺബീർ പറഞ്ഞു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.