‘ആറ് മാസത്തേക്ക് സിനിമയിൽനിന്ന് ലീവ് എടുത്തിരിക്കുകയാണ്’; കാരണം പറഞ്ഞ് രൺബീർ കപൂർ
text_fieldsബോളിവുഡിലെ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. കഴിഞ്ഞ വര്‍ഷമാണ് ആലിയക്കും രണ്‍ബീറിനും മകള്‍ പിറന്നത്. റാഹ എന്നാണ് കുട്ടിക്ക് ഇവർ പേര് നൽകിയിരിക്കുന്നത്.
അടുത്തിടെ ഒരു സൂം സെഷൻ വഴി ആരാധകരുമായി സംവദിച്ച രണ്‍ബീര്‍ കുറച്ചുകാലമായി താൻ സിനിമയിൽനിന്ന് മാറിനിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചിത്രങ്ങളായ 'അനിമൽ,' 'ബ്രഹ്മാസ്ത്ര 2' തുടങ്ങിയ പ്രോജക്റ്റുകൾക്കുശേഷം താൻ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും മകൾ റാഹയ്ക്കുവേണ്ടി കുറച്ചുസമയം കണ്ടെത്താനാണിതെന്നും രൺബീർ പറഞ്ഞു.
‘ഞാൻ ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. അഞ്ചാറു മാസം ഞാൻ വീട്ടിലുണ്ടാകും. ഇത് എപ്പോഴും എന്‍റെ പ്ലാനില്‍ ഉണ്ടായിരുന്നു. കാരണം റാഹ ജനിച്ചപ്പോൾ, ഞാൻ 'അനിമലി'ന്‍റെ ഷൂട്ടിലായിരുന്നു. അവൾക്ക് സമയം നൽകാൻ അന്ന് കഴിഞ്ഞില്ല. എനിക്ക് അന്ന് ലീവ് എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞില്ല. ഇപ്പോൾ അവൾ വളരെ എക്സ്പ്രസീവ് ആണ്. ആളുകളെ തിരിച്ചറിയുന്നു. പാ, മാ തുടങ്ങിയ വാക്കുകൾ സംസാരിക്കാൻ ശ്രമിക്കുന്നു. ഇതൊരു മനോഹരമായ സമയമാണ്’ - രൺബീർ പറഞ്ഞു.
‘ആലിയ വാസൻ ബാലയുടെ 'ജിഗ്ര'യുടെ ഷൂട്ടിങുമായി തിരക്കിലാണ്. അതിനാൽ റാഹയെ എനിക്കായി മാത്രം കിട്ടുന്നു എന്നതും പ്രത്യേകതയാണ്’ -രൺബീർ കൂട്ടിച്ചേര്‍ത്തു.
റാഹയുടെ മുഖം വെളിപ്പെടുത്താൻ ഇപ്പോൾ ആഗ്രഹമില്ലെന്ന് കഴിഞ്ഞ ദിവസം ആലിയ പറഞ്ഞിരുന്നു. ‘ഞങ്ങൾ അവളെ ഏറെ സ്‌നേഹിക്കുന്നു. പക്ഷെ ഞങ്ങള്‍ പുതിയ അച്ഛനും അമ്മയുമാണ്. സോഷ്യൽ മീഡിയയിൽ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോൾ ആഗ്രഹിക്കുന്നില്ല’- ആലിയ പറഞ്ഞു.
‘മകള്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറിയെന്നും ആലിയ പറഞ്ഞു. മകളെ പരിഗണിച്ചാണ് ഇപ്പോൾ ഞാനും രൺബീറും സിനിമകൾ ചെയ്യുന്നത്. തങ്ങളില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം ഉണ്ടാവുന്ന തരത്തിലാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. പുതിയ സിനിമയായ ജിഗ്രയില്‍ അധികവും നൈറ്റ് ഷെഡ്യൂളുകളായിരുന്നു. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് ഞാന്‍ ഉറങ്ങിയിരുന്നത്’- ആലിയ പറഞ്ഞു.
'അർജുൻ റെഡ്ഡി,' 'കബീർ സിങ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ അനിമലിന്‍റെ റിലീസിനായി രൺബീർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ബ്രഹ്മാസ്ത്ര 2' ന്‍റെ തിരക്കഥ തയ്യാറാണെന്നും അടുത്ത വർഷം അവസാനത്തോടെ അതിന്‍റെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നുമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.