സൽമാൻ എപ്പോഴും ഉപദേശിക്കാറുള്ളത് ഇതാണ്; പക്ഷെ കേൾക്കാറില്ല, വ്യക്തി എന്ന നിലയിൽ മാറാൻ കഴിയില്ല; രൺദീപ് ഹൂഡ
text_fieldsനടൻ സൽമാൻ ഖാനുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടനും സംവിധായകനുമായ രൺദീപ് ഹൂഡ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൽമാൻ ജീവിതത്തിലും കരിയറിലും മികച്ച ഉപദേശങ്ങൾ നൽകാറുണ്ടെന്നും എന്നാൽ അതിൽ പലതും തനിക്ക് പിന്തുടരാൻ കഴിയാറില്ലെന്നും രൺദീപ് പറഞ്ഞു.
'സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധമാണുളളത്. അദ്ദേഹം എനിക്ക് എല്ലായിപ്പോഴും മികച്ച ഉപദേശം നൽകാറുണ്ട്. എന്നാൽ അതിൽ പലതും പിന്തുടരാൻ കഴിഞ്ഞിട്ടില്ല. കാരണം എനിക്ക് എന്റേതായ നിലപാടുകളും കാഴ്ചപ്പാടുമുണ്ട്. പക്ഷെ ഉപദേശങ്ങളൊക്കെ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അത് പിന്തുടരാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് മാറാൻ കഴിയില്ല.
കൂടുതൽ പണം സമ്പാദിക്കാനും കൂടുതൽ ജോലി ചെയ്യാനുമാണ് സൽമാൻ എപ്പോഴും ഉപദേശിക്കാറുള്ളത്. ഇപ്പോൾ ജോലി ചെയ്ത് സമ്പത്തുണ്ടാക്കിയില്ലെങ്കിൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറയാറുണ്ട്. വളരെ കുറച്ചുപേരെ മാത്രമേ ഞാൻ അനുസരിച്ചിട്ടുള്ളൂ. അദ്ദേഹം എപ്പോഴും വളരെ താൽപര്യത്തോടെയാണ് എന്നോട് സംസാരിക്കുന്നത്-രൺദീപ് വ്യക്തമാക്കി.
സവര്‍ക്കറുടെ ബയോപിക് ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിര്‍മിക്കാന്‍ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നുവെന്നും നടൻ പറഞ്ഞു. സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും തനിക്ക് വേണ്ടി അച്ഛന്‍ വാങ്ങിയ സ്വത്തുക്കള്‍ വരെ സിനിമക്കായി വിറ്റുവെന്നും എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നും രണ്‍ദീപ് പറഞ്ഞു. ആഗസ്റ്റ് 15നോ ജനുവരി 26നോ റിലീസ് ചെയ്യാനിരുന്ന പല പ്രതിസന്ധികൾ കാരണം റിലീസ് നീട്ടിക്കൊണ്ടുപോയെന്നും രൺദീപ് കൂട്ടിച്ചേർത്തു.
നടൻ രൺദീപ് ഹൂഡ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘സ്വതന്ത്ര്യ വീർ സവർക്കർ’. മാർച്ച് 22 ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞില്ല. ഹിന്ദി, മറാത്തി ഭാഷയിൽ എത്തിയ ചിത്രത്തിൽ രൺദീപ് ഹൂഡക്കൊപ്പം അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.