ഒരേയൊരു പ്രേംനസീർ
text_fieldsമലയാളത്തിെൻറ സ്വന്തം നിത്യഹരിത നായകൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 33 വർഷം. നസീറിെൻറ സഹപ്രവർത്തകരായിരുന്ന സംവിധായകൻ ആലപ്പി അഷറഫും പ്രൊഡക്ഷൻ കൺട്രോളർ എ. കബീറും പിന്നിട്ട ആ നാളുകൾ ഒാർക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ 1926 ഏപ്രിൽ ഏഴിന് ജനിച്ച അബ്ദുൽ ഖാദറിനെ മലയാള സിനിമ സ്നേഹത്തോടെ പ്രേംനസീർ എന്നു വിളിച്ചു. ലോക സിനിമാചരിത്രത്തിൽ ആർക്കും അത്രയെളുപ്പം തിരുത്താൻ കഴിയാത്ത അനവധി റെക്കോഡുകളിട്ട മലയാളത്തിെൻറ സ്വന്തം നിത്യഹരിത നായകൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 33 വർഷം.
1989 ജനുവരി 16ന് 63 വയസ്സ് തികയുംമുേമ്പ സംഭവിച്ച ആ അപ്രതീക്ഷിത വിയോഗം ചലച്ചിത്രലോകത്തിനു മാത്രമായിരുന്നില്ല തീരാനഷ്ടമായി മാറിയത്.സമൂഹത്തിനാകെതന്നെ പ്രേംനസീറിനെപ്പോലെയുള്ള തികഞ്ഞ മനുഷ്യസ്നേഹിയുടെ അകാലത്തിലുള്ള വേർപാട് സൃഷ്ടിച്ച ആഘാതം കനത്തതായിരുന്നു. പിൽക്കാലത്ത് സിനിമ മേഖലയിൽ പല അനഭലഷണീയ പ്രവണതകളും അരങ്ങേറുേമ്പാൾ പ്രേംനസീറിനെപ്പോലെയുള്ള പൂർവസൂരികളെ ഓർക്കാതിരിക്കാനാവില്ല.
38 വർഷത്തെ അഭിനയജീവിതത്തിൽ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കി നസീർ. ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 130 സിനിമകളിൽ ഒരേ നായിക (ഷീല)യോടൊത്ത് അഭിനയിച്ചതിനും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ സ്ഥാനംപിടിച്ചു. കൂടാതെ, 93 നായികമാർക്കൊപ്പം അഭിനയിച്ചതിനും 1973ലും 77ലും 30 സിനിമകളിൽ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകൾകൂടിയുണ്ട്.
ദീർഘകാലം പ്രേംനസീറിെനാപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ആലപ്പുഴ സ്വദേശികളായ പ്രമുഖരായ രണ്ടു ചലച്ചിത്രപ്രവർത്തകർ -സംവിധായകൻ ആലപ്പി അഷറഫും പ്രൊഡക്ഷൻ കൺട്രോളർ എ. കബീറും പിന്നിട്ട ആ നാളുകൾ ഓർത്തെടുക്കുന്നു.
ഒരു മാടപ്പിറാവിെൻറ കഥ
ആലപ്പി അഷറഫിെൻറ ആദ്യ ചിത്രമായ 'ഒരു മാടപ്പിറാവിെൻറ കഥ' (1983)യിലെ മുഖ്യകഥാപാത്രമായിരുന്നു പ്രേംനസീർ. അഷറഫ് തന്നെ കഥയും തിരക്കഥയും രചിച്ച സിനിമയുടെ ചിത്രീകരണവേളയിലായിരുന്നു പ്രേംനസീറിന് പത്മഭൂഷൺ പ്രഖ്യാപിച്ചത്. അന്ന് തലസ്ഥാനത്തെ ലൊക്കേഷനിലേക്ക് സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പൂച്ചെണ്ടുകളുമായി ഓടിയെത്തിയതും നസീർ വിനയാന്വിതനായി അത് ഏറ്റുവാങ്ങിയതുമെല്ലാം ആലപ്പി അഷറഫിെൻറ മനസ്സിൽ ഇന്നലെയെന്നപോലുണ്ട്.
തുടർന്ന് നസീറിന് ലഭിച്ച പൗരസ്വീകരണത്തിൽ തുറന്ന ജീപ്പിൽ സംഘാടകരല്ലാതെ പുറമെനിന്ന് മറ്റൊരാളെ അനുവദിച്ചത് തന്നെ മാത്രമായിരുന്നുവെന്ന് അഷറഫ് ഓർക്കുന്നു. പിന്നീട് വനിത പൊലീസ്, മുഖ്യമന്ത്രി എന്നീ ചിത്രങ്ങളും അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കി സംവിധാനം ചെയ്തു. ചിറയിൻകീഴിലെ വീട്ടിലേക്ക് പലതവണ കൂട്ടിക്കൊണ്ടുപോയതും സ്നേഹത്തോടെ ഭക്ഷണം വിളമ്പിയതുമെല്ലാം മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
'ബ്ലൂസ്റ്റാർ' നഷ്ടമായതിനു പിന്നിലെ മഹാമനസ്കത
''നസീർ സാറിനെക്കുറിച്ച് ഒരൊറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ മനസ്സിൽ തെളിയുന്നത് നന്മയുടെ നിറകുടം എന്നാണ്. ഇന്ന് അല്ലറ ചില്ലറ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വിശേഷിപ്പിക്കാനായി നന്മമരം എന്നൊക്കെ പ്രയോഗിക്കുേമ്പാൾ മറ്റൊരാൾപോലും അറിയാതെ തീർത്തും സ്വകാര്യമായി അതിൽ ഏർപ്പെട്ടിരുന്ന നസീർ സാറിനെ അറിയാതെ ഓർത്തുപോകും'' -ആലപ്പി അഷറഫ് പറയുന്നു: ''അതിലൊന്ന് പറയാം. ചെന്നൈ നഗരത്തിലെ കണ്ണായ നുങ്കമ്പാക്കം പരിസരത്തെ തിരുവള്ളുവർ സ്മാരകമായ വള്ളുവർകോട്ടത്തിനോടു ചേർന്ന് 'ബ്ലൂസ്റ്റാർ' എന്നൊരു പടുകൂറ്റൻ കെട്ടിടം ഉണ്ടായിരുന്നു. എൺപതുകളുടെ ആദ്യം മദിരാശിയിൽ ചെന്ന കാലത്ത് അതിനു മുന്നിലൂടെ പോകുേമ്പാൾ നസീർ സാർ കാൽകോടി കൊടുത്ത് അഡ്വാൻസ് കൊടുത്ത കെട്ടിടമാണെന്ന് എല്ലാവരും പറയുമായിരുന്നു. നിയമക്കുരുക്കിൽപെട്ട് പിന്നീടത് സാറിന് വാങ്ങാൻ കഴിഞ്ഞില്ല. സാറിനെ കെട്ടിടത്തിെൻറ ഉടമ ചതിക്കുകയായിരുന്നുവെന്ന് സിനിമാവൃത്തങ്ങളിലും പുറത്തും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഞാൻ പിന്നീട് ഒരിക്കൽ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു.
ഒരുപേക്ഷ, ഏറെ അടുപ്പമുള്ളമുള്ളവർക്കുപോലും അറിയാത്ത കാര്യങ്ങളാണ് നസീർ സാർ എന്നോട് പറഞ്ഞത്. അതിങ്ങനെയായിരുന്നു. ആറു മാസത്തെ കാലാവധി പറഞ്ഞ് വിലയായ 65 ലക്ഷത്തിൽ 25 ലക്ഷം അഡ്വാൻസ് നൽകി. ഇതിനിടെ സ്ഥലവില കുതിച്ചുകയറി. മൂന്നോ നാലോ ഇരട്ടി വരെ പണം കിട്ടുമെന്ന സ്ഥിതി വന്നപ്പോൾ ഉടമക്ക് മനംമാറ്റം. അയാൾ കാലുമാറിയതോടെ കോടതിയിൽ പോകേണ്ടിവന്നു. വർഷങ്ങൾ നീണ്ട നിയമയുദ്ധം ഹൈകോടതി വരെ നീണ്ട വേളയിലാണ് പത്മപുരസ്കാരം ലഭിച്ചത്. അന്ന് കേസ് പരിഗണിച്ച് ജഡ്ജി വിധിന്യായത്തിൽ രാജ്യം ഇത്ര വലിയ ആദരവ് നൽകിയ കലാകാരനെ കോടതി കയറ്റി ബുദ്ധിമുട്ടിക്കുന്നതിലുള്ള അതൃപ്തിയോടൊപ്പം നഷ്ടപരിഹാരത്തിനുള്ള അർഹത വ്യക്തമാക്കുന്ന വിധിയാണ് പ്രഖ്യാപിച്ചത്. ആ വിധിപ്പകർപ്പ് സാർ വീട്ടുകാരെ വായിച്ച് കേൾപ്പിക്കുന്നതിനിടെ മാനസിക സമ്മർദത്താൽ കെട്ടിടം ഉടമയെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ വിജയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞത്. മിനിറ്റുകൾക്കുള്ളിൽ വടപളനിയിലെ ആശുപത്രി പോർട്ടിക്കോയിൽ പ്രേംനസീർ ബെൻസ് കാറിൽ വന്നിറങ്ങിയത് ഒരു സിനിമയിലെ കഥാപാത്രമായിട്ടായിരുന്നില്ല. മറിച്ച് തന്നെ വ്യവഹാരക്കുടുക്കിൽ പെടുത്തിയ മനുഷ്യന് സംഭവിച്ച ദുരവസ്ഥ അറിഞ്ഞ് എത്തിയ ഹൃദയമുള്ള ഒരു മനുഷ്യനായിട്ടായിരുന്നു. ഐ.സി.യുവിൽ കഴിയുന്ന തമിഴ്നാട്ടുകാരനായ കെട്ടിടം ഉടമയെ കാണുക എളുപ്പമായിരുന്നില്ല. എന്നാൽ, പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ മലയാളി ഡോ. ചെറിയാനുമായി തനിക്കുള്ള സുഹൃദ്ബന്ധം പ്രയോജനപ്പെടുത്തി പ്രേംനസീർ അകത്തു കടന്ന് രോഗിയെ കണ്ടു. സങ്കടം സഹിക്കവയ്യാതെ കെട്ടിടം ഉടമ പൊട്ടിക്കരഞ്ഞുകൊണ്ട് നസീറിെൻറ കൈയിൽ പിടിച്ച് പറഞ്ഞു: 'കാപ്പാത്തുങ്കോ സാർ, എനക്ക് മൂന്ന് പെൺകുളന്തകൾ സാർ…'
കണ്ണീർ വാർക്കുന്ന ആ മനുഷ്യെൻറ കൈകളിൽ തഴുകി നസീർ പറഞ്ഞു. ആ പണം എനിക്ക് വേണ്ട.താങ്കൾ ധൈര്യമായിട്ടിരിക്കണമെന്ന് പറയാനാണ് ഞാൻ വന്നത്.'' ഇന്ന് ചുരുങ്ങിയത് 300 കോടിയെങ്കിലും ആ വസ്തുവിന് വിലയുണ്ടാകും. താൻ അധ്വാനിച്ചുണ്ടാക്കിയ വലിയ തുക യാതൊരു വിഷമവും മനസ്സിൽ വെക്കാതെ ഉപേക്ഷിച്ച് പോരാൻ പ്രേംനസീറിനെപ്പോലെ മഹാനായ ഒരു മനുഷ്യനു മാത്രമേ സാധിക്കൂ. അക്ഷരാർഥത്തിൽ സന്യാസസമാനമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിേൻറത്. പുതിയ തലമുറയിൽപെട്ട മലയാള സിനിമയിലെ ഏതെങ്കിലും ഒരാൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുമോ? നസീർ സാർ മരിച്ചശേഷമായിരുന്നു ആ മനുഷ്യൻ മരിച്ചത്.
നിർമാതാവിന് നഷ്ടം സംഭവിച്ചാൽ ഒരു പൈസ പോലും വാങ്ങാതെ മറ്റൊരു ചിത്രത്തിന് തെൻറ കാൾഷീറ്റ് നൽകാൻ നസീർ സാർ എത്രയോ തവണ തയാറായിരിക്കുന്നു. പി.കെ.ആർ. പിള്ളയെപ്പോലെ ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നിർമാതാക്കൾ ഇന്ന് മരുന്ന് വാങ്ങാൻപോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സാറിനെപ്പോലുള്ളവർ ഉണ്ടെങ്കിൽ സംഭവിക്കുമായിരുന്നില്ല. അന്നൊക്കെ സിനിമയിൽ ചിലർക്ക് അസൂയയും കുശുമ്പുമൊക്കൊ ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഇന്നത്തെപ്പോലെ കൊലവിളിയും ക്വട്ടേഷൻ കൊടുക്കലുമൊന്നും ഉണ്ടായിരുന്നില്ല. ഇന്നാകട്ടെ ശത്രുവിനെ മുച്ചൂടും നശിപ്പിച്ച് ഇല്ലാതാക്കിയില്ലെങ്കിൽ പലർക്കും ഒരു സമാധാനവുമില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത നൂറുകണക്കിന് കുട്ടികളാണ് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പ്രേംനസീർ സഹായിച്ചതുകൊണ്ട് മാത്രം ഡോക്ടർമാരും എൻജിനീയർമാരുമായി തീർന്നത്. യഥാർഥ വസ്തുത പരിശോധിക്കാൻ അദ്ദേഹം ചിലരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോർട്ട് കിട്ടിയാൽ പിറ്റേമാസം മുതൽ പണം കൃത്യമായി എത്തും. രോഗങ്ങൾമൂലം കഷ്ടപ്പെടുന്നവരും വീടുകളില്ലാതെ ബുദ്ധിമുട്ടുന്നവരുമായി നിരവധിയാളുകൾക്കാണ് നിശ്ശബ്ദമായി നസീർ സഹായം നൽകിയത്.''
ശാർക്കര ദേവീക്ഷേത്രത്തിലെ നസീർ എന്ന ആന
''പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം നടക്കുന്ന ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലേക്ക് പ്രേം നസീർ ഒരു ആനയെ നടയിരുത്തിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. അതിനു പിന്നിലെ കഥയും കൗതുകരമാണ്. നാട്ടുകാരിൽനിന്നു പിരിവെടുത്ത് ഒരു ആനയെ വാങ്ങാനുള്ള തീരുമാനത്തിെൻറ ഭാഗമായി ക്ഷേത്രം ഭാരവാഹികൾ രസീത്കുറ്റി അച്ചടിപ്പിച്ചു. പ്രേംനസീറിെൻറ ബാല്യകാലസുഹൃത്തും സിനിമയിലെ സഹപ്രവർത്തകനുമായ അടുത്ത ദിവസം അന്തരിച്ച ജി.കെ. പിള്ളയെ സമീപിച്ചു. നസീർ നാട്ടിലുള്ള ദിവസം നോക്കി സാമാന്യം മോശമല്ലാത്ത ഒരു തുക സംഭാവനയായി സ്വീകരിച്ച് പിരിവിെൻറ ഉദ്ഘാടനം നിർവഹിപ്പിക്കണം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ജി.കെ. പിള്ളയോടൊത്ത് വീട്ടിൽ വന്ന ക്ഷേത്രഭാരവാഹികളെ പ്രേംനസീർ സ്വീകരിച്ചിരുത്തി കാര്യങ്ങൾ തിരക്കി. വിവരമെല്ലാം കേട്ട അദ്ദേഹം ആ രസീത്കുറ്റി മുഴുവൻ കൈയിൽ വാങ്ങിയിട്ട് ഇങ്ങനെ പറഞ്ഞു: 'ഈ ശാർക്കര ദേവിയുടെ മുന്നിലെ മൈതാനത്താണ് ഞാൻ കളിച്ചുവളർന്നത്. ദേവിക്ക് ഒരു ആനയെ വാങ്ങിത്തരാൻ എന്നെ അനുവദിക്കണം.' അത്ഭുത പരതന്ത്രരായ ഭാരവാഹികൾ പ്രേം നസീറിനോടുള്ള ബഹുമാനാർഥം വാങ്ങിയ ആനക്ക് നൽകിയ പേര് നസീർ എന്നായിരുന്നു. ആർക്കും തകർക്കാൻ കഴിയാത്ത കേരളത്തിെൻറ മതേതരസങ്കൽപങ്ങൾക്ക് എക്കാലവും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒന്നാണ് ഈ സംഭവം.
മകൻ ഷാനവാസിെൻറ വിവാഹസൽക്കാരത്തിൽ ക്ഷണിക്കാതെയെത്തിയ തലസ്ഥാനത്തെ ആരാധകരെ കണ്ട് അതിഥികൾക്ക് ഭക്ഷണം തികയുമോയെന്ന് മറ്റുള്ളവർ ആശങ്കപ്പെട്ടു. അവരെ തിരിച്ചയക്കാനുള്ള ആലോചന നടക്കുന്നതിനിടയിൽ ഓടിയെത്തിയ നസീർ താൻ ഇത് മുൻകൂട്ടി കണ്ട് കൂടുതലായി ആയിരം ബിരിയാണിക്ക് ഓർഡർ നൽകിയിരുന്നുവെന്ന് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചു. ഒരാൾപോലും ഭക്ഷണം കഴിക്കാതെ വിശന്ന് മടങ്ങരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിനാൽ കാര്യങ്ങൾ മുൻകൂട്ടി കണ്ട് വേണ്ടത് ചെയ്തിരുന്നു.''
ആലപ്പുഴ എസ്.ഡി കോളജിലെ കോളജ് യൂനിയൻ ഉദ്ഘാടനത്തിന് വന്ന പ്രേംനസീറിനെ വേദിയിലിരുത്തി അനുകരിച്ച വിദ്യാർഥികാലത്തെ അനുഭവവും ആലപ്പി അഷറഫിെൻറ മനസ്സിലുണ്ട്. കാലങ്ങൾക്കിപ്പുറം നിത്യഹരിത നായകെൻറ മരണശേഷവും മിമിക്രിക്കാരുടെ പ്രിയപ്പെട്ടയാളായി പ്രേംനസീർ നിലകൊള്ളുേമ്പാൾ അന്നത്തെ അനുഭവം അഭിമാനം നൽകുന്ന ഒന്നാണെന്ന് അഷറഫ് പറയുന്നു.
കടുത്ത ഇന്ദിരഭക്തൻ
ഇന്ദിര ഗാന്ധിയുടെ ചിക്കമംഗലൂർ ഉപതെരഞ്ഞെടുപ്പ് വിജയം പ്രേംനസീർ ആവേശത്തോടെ സ്വീകരിച്ച നിമിഷങ്ങൾക്ക് ദൃക്സാക്ഷിയാകാൻ കഴിഞ്ഞതിെൻറ ഓർമകൾ മലയാള സിനിമയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ആലപ്പുഴ സ്വദേശി എ. കബീർ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
''ആലപ്പി ഷെരീഫിെൻറ സംവിധാനത്തിൽ പിറന്ന 'അസ്തമിക്കാത്ത പകലുകൾ' എന്ന സിനിമയുടെ ചിത്രീകരണം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നടക്കുകയാണ്. കൈവശമുള്ള കൊച്ച് ഹാൻഡ് റേഡിയോ ചെവിയോട് ചേർത്തുവെച്ച് വാർത്തകൾ കേൾക്കുകയാണ് പ്രേംനസീർ. ഷൂട്ടിങ് കാണാനെത്തിയ നാട്ടുകാരെ നിയന്ത്രിക്കുന്നതിൽ വ്യാപൃതനായ സംവിധാനസഹായിയായ എന്നെ അസ്സേ അസ്സേ... എന്ന് ഉറക്കെ വിളിച്ച് 'ഇന്ദിരാജി ജയിച്ചു' എന്ന് പരിസരം മറന്ന് ഉറക്കെ വിളിച്ചുപറയുന്ന നസീറിെൻറ ചിത്രം മറക്കാനാവില്ല. 'വസ്ത്രാക്ഷേപം ഒഴിച്ച് അവരെ എങ്ങനെ എല്ലാമാണ് അപമാനിച്ചത്. കണ്ടോ, ജനം അവരെ കൈവിട്ടില്ല.' ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായി നസീർ സാർ അങ്ങനെ പറയുേമ്പാൾ എനിക്ക് കാണാനായത് ഇന്ദിര ഗാന്ധിയോട് അദ്ദേഹത്തിനുള്ള കടുത്ത ആരാധനയും ഭക്തിയുമൊക്കൊയായിരുന്നു'' -കബീർ കൂട്ടിച്ചേർക്കുന്നു.
താനൊരു തികഞ്ഞ കോൺഗ്രസുകാരനാണെന്ന് എവിടേയും തുറന്നുപറയാൻ ഒരു മടിയും കാണിക്കാത്തയാളായിരുന്നു പ്രേംനസീർ. 1987ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കായംകുളത്ത് തച്ചടി പ്രഭാകരനും ചേർത്തലയിൽ വയലാർ രവിക്കും വിവിധ മണ്ഡലങ്ങളിൽ യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത കാര്യം കബീറിെൻറ ഓർമയിലുണ്ട്. പന്തളം മണ്ഡലത്തിൽ മത്സരിച്ച ദാമോദരൻ കാളാശ്ശേരിക്കുവേണ്ടി നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ പ്രചാരണത്തിന് പോയപ്പോൾ അന്തേവാസികളുമായി നസീർ അടുത്ത് ഇടപഴകി.
1982ൽ നബിദിന ഘോഷയാത്രക്കിടെ ആലപ്പുഴയിൽ വെടിവെപ്പ് നടക്കുന്ന ദിവസം നസീർ തിരുവനന്തപുരം നേമത്തെ മെരിലാൻഡ് സ്റ്റുഡിയോയിൽ ആലപ്പി അഷറഫിെൻറ 'ഒരു മാടപ്പിറാവിെൻറ കഥ' യുടെ ഷൂട്ടിങ്ങിലായിരുന്നു. ആലപ്പുഴ സംഭവത്തിെൻറ തുടർച്ചയായി തിരുവനന്തപുരത്ത് ചാല മാർക്കറ്റ് അക്രമികൾ അഗ്നിക്കിരയാക്കി. തലസ്ഥാനനഗരത്തിൽ കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. നഗരത്തിെൻറ നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. പെട്ടെന്നുള്ള സംഭവ വികാസങ്ങളെ തുടർന്ന് സിനിമാസംഘം സ്റ്റുഡിയോയിൽ അകപ്പെട്ടു. ഭക്ഷണംപോലും കിട്ടാത്ത അവസ്ഥ. സ്റ്റുഡിയോയുടെ അടുത്ത വീട്ടിലെ പരിമിതമായ വിഭവങ്ങൾകൊണ്ടുണ്ടാക്കിയ തേങ്ങാച്ചോറും മറ്റും നസീറും സീമയും നളിനിയും അടക്കമുള്ളവർ സ്വാദോടെ ഭക്ഷിച്ചു. ഒടുവിൽ അന്ന് പൊലീസ് സേനയിൽ അസിസ്റ്റൻറ് കമാൻഡൻറായി പ്രവർത്തിച്ചിരുന്ന നടൻ ജഗന്നാഥ വർമ ഇടപെട്ടാണ് പൊലീസിെൻറ അനുമതിയോടെ താരങ്ങൾ നഗരത്തിലേക്ക് തിരിച്ചത്. സിനിമാ നടൻ രാമുവിെൻറ ബുള്ളറ്റിൽ താനും ചേർന്ന് അകമ്പടിയായി മുന്നിലുണ്ടായിരുന്നു.''
അടുത്ത സുഹൃത്തുക്കളായ ആഭ്യന്തരമന്ത്രി വയലാർ രവി, വ്യവസായമന്ത്രി ഇ. അഹമ്മദ് എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതിവിശേഷങ്ങളിൽ ആശങ്കകൾ പങ്കുവെക്കാൻ സമയം കണ്ടെത്തിയ നസീറിനെക്കുറിച്ച് പറയാൻ കബീറിന് വാക്കുകളില്ല. സഹോദരീഭർത്താവും കോൺഗ്രസ് നേതാവുമായ തലേക്കുന്നിൽ ബഷീറിനെയും ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് മന്ത്രി അഹമ്മദിെൻറ ഔദ്യോഗികവസതിയായ റോസ്ഹൗസിലെത്തി അൽപനേരം സംസാരിക്കാനും അദ്ദേഹം തയാറായി. ഇതിനിടെ നസീർ സഞ്ചരിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാടക കാർ പൂജപ്പുരവെച്ച് പട്ടാളം തടഞ്ഞു. ആക്രോശിച്ച് ഓടിയെത്തിയ ഉദ്യോഗസ്ഥൻ അകത്ത് പ്രിയതാരത്തെ കണ്ട് അത്ഭുതപ്പെട്ട് നസീർ സാർ എന്ന് വിളിച്ചു കൂവി. കൂപ്പുകൈകളോടെ പോകാൻ അയാൾതന്നെ വഴിയൊരുക്കി.
പത്മഭൂഷൺ ലഭിച്ച വേളയിൽ ആലപ്പുഴയിൽ ചലച്ചിത്ര ഫിലിം സൊസൈറ്റി വൈ.എം.എം.എ സ്കൂളിൽ നൽകിയ സ്വീകരണത്തിൽവെച്ചാണ് താൻ രാഷ്ട്രീയപ്രവേശനത്തിനായി ആലോചിക്കുന്ന കാര്യം പ്രേംനസീർ ആദ്യമായി വ്യക്തമാക്കിയത്. ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടിയുണ്ടാക്കി അധികാരത്തിൽ വന്ന എൻ.ടി. രാമറാവുവിനെപ്പോലെ താനും കാവിയുടുക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. കാവി എന്ന പ്രയോഗത്തെ പലരും സംശയത്തോടെയാണ് കണ്ടതെന്ന് സൊസൈറ്റി പ്രസിഡന്‍റ് കൂടിയായ കബീർ പറയുന്നു. എന്നാൽ, വിശാല അർഥത്തിലായിരുന്നു പ്രേംനസീർ അതിനെ കണ്ടത്. മലയാള ദേശം എന്നൊരു പാർട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിലെത്തി എൻ.ടി.ആറിനെപ്പോലെ നസീറും കേരളത്തിെൻറ മുഖ്യമന്ത്രിയായി മാറുമെന്ന് പലരും മനക്കോട്ട കെട്ടി. പേക്ഷ, അദ്ദേഹം മരണംവരെയും കോൺഗ്രസിെൻറ ഒപ്പംതന്നെ നിന്നു'' -അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി എന്ന തെൻറ ചിത്രത്തിലെ പ്രധാനവേഷം പ്രേംനസീറിന് വളരെ താൽപര്യമുള്ള ഒന്നായിരുന്നുവെന്ന് ആലപ്പുഴ അഷറഫ് പറയുന്നു. പലരും രാമറാവുവിെനപ്പോലെ പ്രേംനസീറിലും ഒരു മുഖ്യമന്ത്രിയെ കണ്ടിരുന്ന വേളയിലാണ് ചിത്രം പുറത്തുവന്നത്.തൃശൂരിൽ തിയറ്ററിൽ പോയി ജനങ്ങൾക്കൊപ്പമാണ് താൻ സിനിമ കണ്ടതെന്ന് ആവേശത്തോടെ പിന്നീട് കണ്ടപ്പോൾ പറഞ്ഞതും അദ്ദേഹം ഓർത്തെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.