‘ലാൻഡ് റോവർ കാറിന് തകരാർ’; 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി റിമി സെൻ
text_fieldsആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ 50 കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാളി നടി റിമി സെൻ കേസ് ഫയൽ ചെയ്തു. 2020ൽ വാങ്ങിയ കാറിന്‍റെ സൺറൂഫ്, സൗണ്ട് സിസ്റ്റം, റിയർ ക്യാമറ എന്നിവയിൽ തകരാർ വന്നുവെന്നും, കമ്പനിയെ അറിയിച്ചിട്ടും പരിഹരിക്കാൻ അവർ തയാറായില്ലെന്നും, ഈ അവഗണന തനിക്ക് മാനസിക സമ്മർദമുണ്ടാക്കിയെന്നുമാണ് പരാതി.
92 ലക്ഷം രൂപ മുടക്കിയാണ് 2020ൽ റിമി കാർ വാങ്ങിയത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഏറെ നാൾ കാർ പുറത്തിറക്കിയിരുന്നില്ല. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം കാറുമായി പുറത്തിറങ്ങിയപ്പോഴാണ് നിരവധി തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. സൺറൂഫിൽനിന്ന് അരോചകമായ ശബ്ദമുണ്ടാകുകയും സ്കീൻ ലാഗ് അനുഭവപ്പെടുകയും ചെയ്തു. സൗണ്ട് സിസ്റ്റം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. റിയർ ക്യാമറയുടെ പ്രവർത്തനത്തിലും തകരാർ ഉണ്ടായിരുന്നു.
തകരാർ ഉടൻതന്നെ കമ്പനിയെ അറിയിച്ചു. എന്നാൽ അവരുടെ തുടർനടപടികളും വിഷയം കൈകാര്യം ചെയ്ത രീതിയും മാനസിക സമ്മർദത്തിലേക്ക് നയിച്ചെന്നാണ് നടി പരാതിയിൽ പറയുന്നത്. 50 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനു പുറമെ നിയമ സേവനങ്ങൾക്കായി ചെലവായ പത്ത് ലക്ഷംരൂപയും, പുതിയ വാഹനവും നൽകണമെന്ന് നടി പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.