1000 കോടി നഷ്ടവുമായി അക്ഷയ് കുമാർ; ഞെട്ടലിൽ ബോളിവുഡ്
text_fieldsമുംബൈ: ഒരുകാലത്ത് ഹിറ്റ് മെഷീനായിരുന്നു ബോളിവുഡിന്‍റെ ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാർ. തുടരെ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിരുന്ന അദ്ദേഹത്തിന് വലിയ ആരാധക വൃന്ദത്തെയും സൃഷ്ടിക്കാനായിരുന്നു. ആയോധന കലകളിലെ കഴിവുകൾ ചേർത്ത് ആക്ഷൻ പാക്ക്ഡ് ആയ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങി. തമാശയും സാമൂഹിക സന്ദേശവുമുള്ള ചിത്രങ്ങളിലും അദ്ദേഹം തിളങ്ങി. ബോളിവുഡിലെ ഖാൻമാരുമായി താരതമ്യം ചെയ്യാവുന്ന സ്ഥിരതയുള്ള വിജയം അക്ഷയ് കുമാറിന്‍റെ പേരിലുമുണ്ടായി. എന്നാൽ, സമീപകാലത്ത് തൊട്ടതെല്ലാം പിഴക്കുകയാണ് അക്ഷയ് കുമാറിന്.
കോവിഡിനുശേഷമാണ് അക്ഷയ് കുമാറിന്‍റെ കാര്യങ്ങൾ തകിടം മറിഞ്ഞത്. അദ്ദേഹത്തിന്‍റെ 13 ചിത്രങ്ങളാണ് പൊട്ടി പാളീസായത്. ബെൽബോട്ടം, ലക്ഷ്മി, കട്ട്‌പുട്ട്‌ലി, അത്രംഗി രേ, ബച്ചൻ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധൻ, രാം സേതു, സെൽഫി, മിഷൻ റാണിഗഞ്ച്, ബഡേ മിയാൻ ചോട്ടെ മിയാൻ എന്നിവയെല്ലാം എട്ടുനിലയിൽ പൊട്ടി. ഇപ്പോഴിതാ ഒടുവിൽ പുറത്തിറങ്ങിയ സർഫിറയുടെ കാര്യവും തഥൈവ. ഇവയെല്ലാം കൂടി 1000 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ബഡേ മിയാൻ ചോട്ടെ മിയാൻ മാത്രം 250 കോടിയും, സാമ്രാട്ട് പൃഥ്വിരാജ് 150 കോടിയും നഷ്ടത്തിൽ മുങ്ങി.
80 കോടി ബജറ്റിൽ ഒരുങ്ങിയ സർഫിര ആദ്യ ദിവസം കേവലം 2.25 കോടി മാത്രമാണ് നേടിയത്. സിനിമക്ക് ആളുകൾ കയറാതായതോടെ, ചായയും രണ്ട് സമൂസയും സൗജന്യമായി നൽകുമെന്ന് വരെ നിർമാതാക്കൾ ഓഫർ നൽകി! എന്നിട്ടും കാര്യമുണ്ടായില്ല. നാലു ദിവസം കഴിഞ്ഞപ്പോൾ കളക്ഷൻ 13 കോടി മാത്രമായിരുന്നു.
എന്നാൽ, ഇതൊന്നും വകവെക്കാതെ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രവും റിലീസിന് തയാറായിട്ടുണ്ട്. മോഹൻലാലിനെ നായകനായി 2022ൽ പുറത്തിറങ്ങിയ ‘12th മാൻ’ ഹിന്ദിയിൽ ‘ഖേൽ ഖേൽ മേ’ എന്ന പേരിൽ റീമേക്ക് ചെയ്തിരിക്കുകയാണ്. ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.