ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; തന്‍റെ പേരിലുള്ള വ്യാജ അകൗണ്ടുകൾ നീക്കണമെന്ന് എക്സിനോട് സാറ ടെൻഡുൽക്കർ
text_fieldsതന്‍റെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ സാറ ടെൻഡുൽക്കർ. എക്സിൽ ഫേക്ക് അകൗണ്ടുകൾ ക്രിയേറ്റ് ചെയ്താണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിൽ പലതും വെരിഫൈഡ് ബ്ലൂടിക്കോടുകൂടിയതാണ്. പണം കൊടുത്ത് ബ്ലൂ ടിക് വാങ്ങിയാണ് വ്യാജ അകൗണ്ടുകൾ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ദിവസവും പോസ്റ്റ് ചെയ്യുന്നതെന്നും സാറ പറഞ്ഞു.
സോഷ്യൽ മീഡികളിൽ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് തനിക്ക് അക്കൗണ്ട് ഉള്ളതെന്നും മറ്റെല്ലാം വ്യാജമാണെന്നും സാറ പറയുന്നു. ‘സോഷ്യൽ മീഡിയയെന്നത് സന്തോഷവും സങ്കടവും നിത്യജീവിതത്തിലെ കാര്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നൊരു മനോഹരമായ ഇടമാണ്. എന്നാൽ, സാങ്കേതികത വിദ്യയെ ദുരുപയോഗം ചെയ്ത്, ഇന്റർനെറ്റ് വഴി യാഥാർഥ്യത്തേയും സത്യത്തേയും ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി ഡീപ്പ് ഫേക്ക് ചിത്രങ്ങൾ കാണാനിടയായി’-സാറ കുറിച്ചു.
‘സാറ ടെൻഡുൽക്കർ എന്ന പേരിലുള്ള വ്യാജ എക്സ് അക്കൌണ്ടിലൂടെ ഞാനെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എനിക്ക് എക്സിൽ അക്കൗണ്ട് ഇല്ല. ഇക്കാര്യം എക്സ് അധികൃതർ ശ്രദ്ധിക്കുമെന്നും പേജ് സസ്പെൻഡ് ചെയ്യുമെന്നും കരുതുന്നു. വ്യാജ വാർത്തകളെ വിനോദോപാധികളെന്ന തരത്തിൽ പ്രോത്സാഹിപ്പിക്കരുത്. യാഥാർത്ഥ്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം’-സാറ കുറിച്ചു. സാറയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറെനാളായുള്ളതാണ്. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും വ്യാജ ചിത്രങ്ങളാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.