സെയ്ഫ് അലി ഖാൻ അത് കെട്ടുകഥയോ?
text_fieldsസെയ്ഫ് അലി ഖാൻ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയപ്പോൾ,തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ്ങിനൊപ്പം സെയ്ഫ് അലി ഖാൻ
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതും അക്രമി പിടിയിലായതും നടന്റെ ആശുപത്രി വാസവുമൊക്കെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ വാർത്ത.
കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. സത്യത്തിൽ അദ്ദേഹത്തിന് വാർത്തയിൽ കാണുംവിധം അപകടകരമാംവിധം കുത്തേറ്റോ? കേട്ടതെല്ലാം കെട്ടുകഥയോ പി.ആർ പരിപാടികളോ ആണോ? ഡിസ്ചാർജ് ആയ സെയ്ഫിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടൻ നടന്നുപോയത്. വിഡിയോ വൈറലായതോടെ സംശയം പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. നട്ടെല്ലിനടുത്ത് ഗുരുതര പരിക്കേറ്റയാൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ എങ്ങനെയാണ് ഇങ്ങനെ നടന്നു പോകുന്നത്, മേജർ സർജറിക്ക് വിധേയനായ ഒരാൾക്ക് ഇങ്ങനെ ചാടിച്ചാടി നടക്കാനാകുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
വിഡിയോ ചിത്രം പോലെത്തന്നെ ചോദ്യങ്ങളും സംശയങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ സെയ്ഫ് മറുപടി പറയാൻ ബാധ്യസ്ഥനായി. ഒടുവിൽ ആ ദൗത്യം അമിത് താദനി എന്ന ഡോക്ടർ ഏറ്റെടുത്തു. അദ്ദേഹം എക്സിൽ ഇങ്ങനെ കുറിച്ചു: ‘‘സെയ്ഫ് അലിഖാൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ വിഡിയോ കണ്ടു.
അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗി. നട്ടെല്ലിന്റെ ശസ്ത്രക്രിയ ഇന്ന് ഒരു ദിവസമായി മാറി. നട്ടെല്ലിന് ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു ദിവസത്തിനുള്ളിൽ തന്നെ ബെഡ് റെസ്റ്റൊന്നുമില്ലാതെ ഡിസ്ചാർജ് ചെയ്യാം’’. സമാനമായ വിശദീകരണങ്ങളുമായി വേറെയും ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി 16ന് പുലര്‍ച്ച 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിൽവെച്ച് കുത്തേറ്റത്. ആറുതവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. സെയ്ഫ് അലി ഖാന്റെ നട്ടെല്ലിന് സമീപത്തുനിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.