'എങ്കിൽ ഞങ്ങളുടെ ബെഡ്റൂമിലേക്കും വരൂ'; വിവാദത്തിൽ വിശദീകരണവുമായി സെയ്ഫ് അലി ഖാൻ
text_fieldsവീടിന് മുന്നിൽ തന്നെയും ഭാര്യ കരീന കപൂറിനെയും പിന്തുടർന്ന പാപ്പരാസികളോട് പ്രകോപിതനായി സംസാരിച്ചതിൽ വിശദീകരണവുമായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. കഴിഞ്ഞ ദിവസം നടി മലൈക അറോറയുടെ അമ്മയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രി രണ്ട് മണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പിന്തുടർന്നെത്തിയ പാപ്പരാസികളോട് സെയ്ഫ് അലി ഖാൻ ദേഷ്യപ്പെട്ടത്.
പാപ്പരാസികളെ നോക്കി ചിരിച്ച ശേഷം നടന്നു നീങ്ങിയ താരങ്ങളോട് ഫോട്ടോക്ക് പോസ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ താരം 'എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ ബെഡ്‌റൂമിലേക്ക് വരൂ' എന്നു പറയുകയായിരുന്നു. തുടർന്ന് ഗുഡ് നൈറ്റ് പറഞ്ഞ് വാതിലടക്കുകയും ചെയ്തു.
പാപ്പരാസികൾക്കെതിരെ നടൻ നിയമനടപടിയെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളിയാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
നിയമനടപടിയോ വീടിന്‍റെ സുരക്ഷാ ജീവനക്കാർക്കെതിരായ നടപടിയോ സ്വീകരിക്കുന്നില്ലെന്ന് സെയ്ഫ് അലി ഖാൻ പ്രസ്താവനയിൽ പറഞ്ഞു. 'സ്വകാര്യ ഇടത്തേക്കാണ് അവർ കടന്നുകയറിയത്. സുരക്ഷാ ജീവനക്കാരെ പോലും മറികടന്നാണ് എത്തിയത്. ഞങ്ങളുടെ സ്ഥലത്ത് കടന്നുകയറി 20 ക്യാമറകളും ലൈറ്റുകളുമാണ് ചുറ്റും വെക്കുന്നത്. ഇത് തെറ്റായ പെരുമാറ്റമാണ്. ഞാനും കുടുംബവും പാപ്പരാസികളുമായി എപ്പോഴും സഹകരിക്കുന്നവരാണ്. എന്നാൽ, അതിർവരമ്പ് എവിടെയാണെന്ന് അവർ മനസിലാക്കണം. അവർ അതിനകം ആ അതിർവരമ്പ് കടന്നിരുന്നു. അതുകൊണ്ടാണ് ഞാൻ ബെഡ്റൂമിലേക്ക് വരൂവെന്ന് ദേഷ്യത്തോടെ പറഞ്ഞത്' -സെയ്ഫ് അലി ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.