ആരാധകരെ കൈകൂപ്പി അഭിവാദ്യം ചെയ്ത് സെയ്ഫ് അലി ഖാൻ; പൊലീസ് സുരക്ഷയിൽ ബാന്ദ്രയിലെ വീട്ടിലെത്തി -വിഡിയോ
text_fieldsമുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ട് ബാന്ദ്രയിലെ പഴയ വസതിയിൽ എത്തി. ജനുവരി 16ന് ആക്രമണം നടന്ന വസതിയിൽ അന്വേഷണം നടക്കുന്നതിനാലാണ് ഭാര്യ കരീന കപൂറിന്റെയും കുടുംബാംഗങ്ങളുടെയുമൊപ്പം പഴയ വസതിയിലേക്ക് മടങ്ങിയത്.
വീട്ടിലെത്തിയ സെയ്ഫിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. നടൻ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്നതും മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. പരിക്കിനെ തുടർന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാൻഡേജുകളുണ്ട്.
മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് താരം. ആക്രമണത്തെ തുടർന്ന് ഇന്ന് പുലർച്ചെ സെയ്ഫിന്റെ ബാന്ദ്ര വസതിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. നടന്റെ വീടിന്റെ ബാൽക്കണിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന ദൃശ്യങ്ങൾ എ.എൻ.ഐ എക്‌സിൽ പങ്കുവെച്ചു.
അക്രമിയെ പൊലീസ് ഇന്ന് സെയ്ഫിന്‍റെ വസതിയിൽ തെളിവെടുപ്പിന് എത്തിച്ചിരുന്നു. വിജയ് ദാസ് എന്ന പേരിൽ മുംബൈയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദാണ് കേസിൽ പിടിയിലായത്. 19ന് താനെയിൽനിന്നാണ് പ്രതി പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിനു പിന്നാലെ ദാദർ, വർളി, അന്ധേരി എന്നിവിടങ്ങളിൽ കറങ്ങിയാണ് പ്രതി താനെയിലെത്തിയത്. ഇവിടെ ലേബർ ക്യാമ്പിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. വർളിയിൽ താമസിക്കുന്ന സമയത്ത് ഇയാൾ മറ്റൊരു മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതിയെ മുംബൈ കോടതി ഈ മാസം 24വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.