സൽമാനെ പാമ്പ് കടിച്ചത് ജന്മദിനാഘോഷത്തിനിടെ: മൂന്നുതവണ പാമ്പ് കടിച്ചു, ആറുമണിക്കൂർ ചികിത്സ
text_fieldsമുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ പാമ്പ് കടിച്ചത് 56ാമത് ജന്മദിനപാർട്ടി ഒരുക്കങ്ങൾക്കിടെ. ഡിസംബർ 27നാണ് സല്ലുവിന്റെ 56ാമത് ജന്മദിനം. പൻവേലിലെ ഫാം ഹൗസിൽവെച്ച് ശനിയാഴ്ച അർധരാത്രിയിലാണ് താരത്തിനെ പാമ്പ് കടിച്ചത്. ഉടൻ തന്നെ മുംബൈയിലെ കാമോതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുമണിക്കൂർ നീണ്ട ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
നിലവിൽ ഫാം ഹൗസിൽ വിശ്രമത്തിലാണ് സൂപ്പർ താരം. സൽമാനെ പാമ്പ് കടിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകർ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സല്ലു തന്നെ.
'ഒരു പാമ്പ് എന്റെ ഫാം ഹൗസിൽ പ്രവേശിച്ചു. അതിനെ വടി എടുത്ത് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈയിൽ എത്തി. മൂന്നുതവണ എന്റെ കൈയിൽ കടിച്ചു. ഒരുതരം വിഷപാമ്പായിരുന്നു അത്. ആറുമണിക്കൂർ എന്നെ ആശുപത്രിയിൽ കിടത്തി. ഇപ്പോൾ സുഖമായി' -സൽമാൻ ഖാൻ എ.എൻ.ഐയോട് പറഞ്ഞു.
ജന്മദിന പാർട്ടി ആഘോഷങ്ങളുടെ ഭാഗമായി അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫാംഹൗസിലേക്ക് ക്ഷണിച്ചിരുന്നു. വനപ്രദേശത്താണ് താരത്തിന്റെ ഫാംഹൗസ്. വൈവിധ്യമാർന്ന പക്ഷികളും മൃഗങ്ങളും സസ്യ ജന്തുജാലങ്ങളും അവിടെയുണ്ട്. സംഭവം നടക്കുമ്പോൾ ഫാം ഹൗസിന് പുറത്തിരുന്ന് സൽമാൻ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു -സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു.
ലീലാവതി ആശുപത്രിയിലെ ഡോ. ജലീൽ പാർക്കറുമായുള്ള ചിത്രം സൽമാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സൽമാൻ ഖാനെ നോക്കുന്നതിനായി പ്രത്യേകം കൊണ്ടുവന്നതാണ് ഡോക്ടറെ. ഫാം ഹൗസിൽ സൽമാനൊപ്പം ഡോക്ടർ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഫാം ഹൗസിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബലൂണുകൾ കൊണ്ട് അലങ്കരിച്ചത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.