'സിക്കന്ദറിന്‍റെ ഗതി നേരായ ദിശയിലല്ലെന്ന് തോന്നിയിരുന്നു'; ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിർമിക്കേണ്ടത് -സല്‍മാന്‍ ഖാന്‍
text_fieldsബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പലപ്പോഴും പല സിനിമകളിലെയും പരാജയങ്ങൾ സൽമാൻ ഖാനെയും ആരാധകരെയും നിരാശാരാക്കി. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ സിക്കന്ദറിന്‍റെ പരാജയത്തെക്കുറിച്ച് ആരാധകരുടെ അഭിപ്രായത്തിനായി അവരെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
ഗാലക്സി അപാര്‍ട്ട്മെന്‍റിലെ വീട്ടിലാണ് സല്‍മാന്‍ ഖാന്‍റെ ക്ഷണപ്രകാരം ആരാധകര്‍ എത്തിയത്. സല്‍മാന്‍ ഖാനൊപ്പം അദ്ദേഹത്തിന്‍റെ മാനേജര്‍ ജോര്‍ഡി പട്ടേലും ബിസിനസ് ഹെഡ് വിക്രം തന്‍വാറും ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍റെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു. തന്റെ കരിയറിലെ വിവിധ വശങ്ങൾ, സമീപകാല റിലീസുകൾ, ഭാവി സമീപനം എന്നിവയെക്കുറിച്ച് സൽമാൻ ഖാനും ആരാധകരും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
തുടക്കം മുതൽ ഈ ചിത്രത്തിന്‍റെ ഗതി നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിർമിക്കേണ്ടത്. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ ഉറപ്പായും ചെയ്യുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. സൽമാൻ ഖാൻ തന്റെ ആരാധകരുമായി ബന്ധം നിലനിർത്താനും അവരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനും ആഗ്രഹിക്കുന്നു. തുറന്ന സംഭാഷണത്തിനുള്ള ഒരു വേദിയാണ് അദ്ദേഹം ഇവിടെ സൃഷ്ടിക്കുന്നതെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിക്കന്ദര്‍ എ. ആര്‍ മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ആറ് ദിവസം എടുത്താണ് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടി കളക്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.