'രശ്മികക്കൊപ്പം മാത്രമല്ല, വേണ്ടിവന്നാൽ അവരുടെ മകൾക്കൊപ്പവും അഭിനയിക്കും, നിങ്ങൾക്ക് എന്താണ് പ്രശ്നം?' -സൽമാൻ ഖാൻ
text_fieldsകാത്തിരിപ്പിന് ഒടുവിൽ സൽമാൻ ഖാൻ നായകനായെത്തുന്ന എ.ആർ. മുരുഗദോസ് ചിത്രം സിക്കന്ദറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക കഥാപാത്രെത്തെ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ, 28 കാരിയായ രശ്മിക മന്ദാനക്കൊപ്പം 59 കാരനായ സൽമാൻ നായകനായെത്തുന്നതിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിലാണ് പ്രായവ്യത്യാസത്തെ പറ്റി ആശങ്കകൾ ഉന്നയിച്ചുകൊണ്ടുള്ള ട്രോളുകൾക്ക് സൽമാൻ മറുപടി നൽകിയത്. ഭാവിയിൽ രശ്മികയുടെ മകൾ അഭിനയ രംഗത്ത് എത്തിയാൽ അവരോടൊപ്പവും അഭിനയിക്കും എന്നായിരുന്നു വിമർശനങ്ങൾക്കുള്ള സൽമാന്‍റെ മറുപടി. 'നായികക്ക് ഒരു പ്രശ്നവുമില്ലെങ്കിൽ, നിങ്ങൾക്ക് എന്തിനാണ് പ്രശ്നം? ഭാവിയിൽ അവൾ വിവാഹിതയായി ഒരു മകൾ ജനിക്കുമ്പോൾ, ഞാൻ അവരുടെ മകളോടൊപ്പവും ജോലി ചെയ്യും' -എന്ന് സൽമാൻ പറഞ്ഞു.
ട്രെയിലർ ലോഞ്ചിനിടെ, രശ്മിക മന്ദാനയുടെ സമർപ്പണത്തെയും നൈതികതയെയും സൽമാൻ ഖാൻ പ്രശംസിച്ചു. അത് തന്റെ ചെറുപ്പകാലത്തെ ഓർമിപ്പിച്ചുവെന്ന് വെളിപ്പെടുത്തി. നടി പുഷ്പ 2, സിക്കന്ദർ എന്നീ രണ്ട് പ്രധാന പ്രോജക്ടുകൾ ഒരേസമയം എങ്ങനെ കൈകാര്യം ചെയ്തുവെന്നതും അദ്ദേഹം പങ്കുവെച്ചു. പുഷ്പ 2 വിന്റെ ഷൂട്ടിങ്ങിൽ വൈകുന്നേരം ഏഴ് മണി വരെ രശ്മിക പങ്കെടുത്തിരുന്നു. രാത്രി ഒമ്പത് മണിക്ക് സിക്കന്ദർ സെറ്റിലെത്തി രാവിലെ 6:30 വരെ ഷൂട്ട് ചെയ്ത ശേഷം വീണ്ടും പുഷ്പയിലേക്ക് മടങ്ങും. കാലൊടിഞ്ഞതിനുശേഷവും അവർ ഷൂട്ടിങ് തുടർന്നു, ഒരു ദിവസം പോലും റദ്ദാക്കിയില്ലെന്ന് സൽമാൻ ഖാൻ പറഞ്ഞു.
അതേസമയം, ചിത്രത്തിന്‍റെ ട്രെയിലറും സിനിയിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. മൂന്ന് മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ സൽമാന്‍റെ ആക്ഷൻ സീനുകളും റൊമാന്‍റിക് സീനുകളും ഉൾക്കൊള്ളുന്നതാണ്. ട്രെയിലർ പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ, അഞ്ജിനി ധവാൻ, ജതിൻ സർന എന്നിവരുൾപ്പെടെ മുഴുവൻ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തിറക്കി. 2008-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗജിനിക്ക് ശേഷം മുരുഗദോസും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണ് സിക്കന്ദർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.