ഓരോ ദിവസവും രൂപം മാറിക്കൊണ്ടിരുന്നു; തീവ്രമായ മൈഗ്രേനും കഠിനമായ കണ്ണുവേദനയുമുണ്ട് - സാമന്ത
text_fieldsമയോസൈറ്റീസ് രോഗത്തിൽ നിന്ന് മുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് നടി സാമന്ത. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റീസ് എന്ന രോഗം ബാധിച്ചതിനെ കുറിച്ച് നടി തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പോരാട്ടം വളരെ ദുസഹമായിരുന്നെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ മയോസൈറ്റീസ് ചികിത്സ കാലഘട്ടത്തെ കുറിച്ച് മനസു തുറക്കുകയാണ് സാമന്ത. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
' ഓരോ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരുന്നു. ഒരു ദിവസം ശരീരം വല്ലാതെ തടിക്കും , മറ്റൊരു ദിവസം ക്ഷീണിക്കും. ഇതിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു അഭിനേതാവിനെ സംബന്ധിച്ച് അവരുടെ ഇമോഷൻസ് എക്സ്പ്രസ് ചെയ്യുന്ന മാധ്യമമാണ് കണ്ണുകൾ. എന്നാൽ കണ്ണിൽ സൂചി കുത്തുന്ന വേദനയോടെയാണ് ഞാൻ ഓരോ ദിവസവും എഴുന്നേറ്റിരുന്നത്. എല്ലാ ദിവസവും ഈ വേദനയിലൂടെയാണ് കടന്നു പോയത്.
കണ്ണട ധരിക്കുന്നത് സ്റ്റൈലിനോ തമാശക്കോ വേണ്ടിയല്ല. വെളിച്ചം കണ്ണുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് കൊണ്ടാണ്. എനിക്ക് തീവ്രമായ മൈഗ്രേനും കഠിനമായ കണ്ണുവേദനയുമുണ്ട്. കഴിഞ്ഞ എട്ടുമാസങ്ങളായി ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് -സാമന്ത വ്യക്തമാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.