'സമൂഹത്തിന്‍റെ പല സങ്കൽപ്പങ്ങളും തകർക്കപ്പെടേണ്ടത്; ആർത്തവം ലജ്ജിക്കേണ്ടതോ മറച്ചുവെക്കേണ്ടതോ അല്ല' -സാമന്ത
text_fieldsആർത്തവത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപാടുകൾ പങ്കുവെച്ചിരിക്കുകയാണ് നടി സാമന്ത. ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹം ലജ്ജാകരമായ കാര്യമായാണ് കാണുന്നതെന്ന് നടി പറഞ്ഞു. അത്തരം കാര്യങ്ങൾ മറച്ചുവെക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു.
സ്ത്രീകൾ എന്ന നിലയിൽ ഒരുപാട് മുന്നോട്ട് പോയിട്ടും ആർത്തവത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇപ്പോഴും നാണക്കേടായാണ് കരുതുന്നതെന്ന് നടി പറഞ്ഞു. ന്യൂട്രീഷൻ ഇൻ സിങ്കിലെ ഹെഡ് ന്യൂട്രീഷ്യനിസ്റ്റായ റാഷി ചൗധരിക്കൊപ്പം ടേക്ക് 20 എന്ന പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിൽ സാമന്ത സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
ആർത്തവ ആരോഗ്യത്തെക്കുറിച്ചും ആർത്തവവുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമന്ത റാഷിയുമായി സംസാരിച്ചു. സ്ത്രീകളുടെ ദൈനംദിന ആരോഗ്യ പ്രശ്‌നങ്ങൾ, എൻഡോമെട്രിയോസിസ് എന്നിവയെക്കുറിച്ചും അവർ ചർച്ച ചെയ്തു. റാഷി ചൗധരിയുമായി സംസാരിച്ചപ്പോൾ, ഈ വിലക്കുകളും കാലഹരണപ്പെട്ട സങ്കൽപ്പങ്ങളും തകർക്കേണ്ടത് എത്ര നിർണായകമാണെന്നതിൽ തനിക്ക് കൂടുതൽ വ്യക്തത വന്നതായി സാമന്ത മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി.
ആർത്തവം ശക്തിയല്ലാതെ മറ്റൊന്നുമല്ലെന്ന് സ്ത്രീകൾ വിശ്വസിക്കാൻ തുടങ്ങണമെന്ന് റാഷി പറഞ്ഞിരുന്നു. ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം സംഭാഷണങ്ങൾ കൂടുതൽ നടത്തുന്നത് 'സാമൂഹിക അപമാന'ത്തെ തകർക്കാൻ സഹായിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു. ആർത്തവം ലജ്ജിക്കേണ്ടതോ മറച്ചുവെക്കേണ്ടതോ നിസ്സാരമായി എടുക്കേണ്ടതോ ആയ ഒന്നല്ലെന്നും നടി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.