പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിൽ സാൻഡൽവുഡ്
text_fieldsബംഗളൂരു: സാൻഡൽവുഡിലെ പകരം വെക്കാനില്ലാത്ത നടനായി വളർന്ന പുനീത് രാജ്കുമാറിെൻറ മരണ വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഫിറ്റ്നെസ് സെൻററിൽ നിന്നും നെഞ്ചുവേദനയെതുടർന്ന് വസന്ത് നഗറിലെ മില്ലേഴ്സ് റോഡിലെ വിക്രം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പുനീതിനെ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകർ സ്ഥലത്തേക്ക് ഇരച്ചെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ വിക്രം ആശുപത്രി പരിസരം ആരാധകരാൽ നിറഞ്ഞു.
ഉച്ചക്ക് മുമ്പായി ആശുപത്രിയിൽ നിന്നുള്ള അറിയിപ്പും പുറത്തുവന്നു. ആദ്യം ചെറിയ തോതിലുള്ള ഹൃദയാഘാതമാണെന്നായിരുന്നു വാർത്ത. എന്നാൽ, ഹൃദയാഘാതത്തെതുടർന്ന് പുനീത് ഗുരുതരാവസ്ഥയിലാണെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതോടെ ആരാധകരുടെയും കന്നട സിനിമാ മേഖലയിലുള്ളവരുടെയും ഉള്ളുലഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുവെന്ന് ഉറപ്പായി. മരണ വാർത്ത ഒൗദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമാ മേഖലയിലുള്ളവരും അല്ലാത്തവരും അനുശോചന കുറിപ്പുകളിട്ടു. ആശുപത്രിയുടെ മുന്നിൽ കൂടുതൽ പൊലീസുകാരെത്തി ആരാധകരെ നിയന്ത്രിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിെൻറ വിയോഗ വാർത്ത വിശ്വസിക്കാനാകാതെ അലമുറയിടുന്ന ആരാധകരെയാണ് ആശുപത്രിക്ക് മുന്നിൽ കാണാനായത്. പൊലീസിനും ആരാധാകരെ നിയന്ത്രിക്കാനായില്ല. മരണ വാർത്ത പുറത്തുവന്നതോടെ ആരാധകരുടെ നിയന്ത്രണ വിട്ടു. തലക്കടിച്ചും മറ്റും നിലവിളിക്കുന്ന ആരാധകരെയാണ് പിന്നീട് ആശുപത്രിക്ക് മുന്നിൽനിന്നും കാണാനായത്.
തങ്ങളുടെ പ്രിയനടന്‍റെ ചേതനയറ്റ ശരീരം ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റുമ്പോഴും ആരാധകർ നിലവിട്ട് കരഞ്ഞു. വിക്രം ആശുപത്രിക്ക് സമീപമുള്ള മില്ലേഴ്സ് റോഡ്, കണ്ണിങ് ഹാം റോഡ്, അലി അസ്ഗർ റോഡ് എന്നിവയിലൂടെയുള്ള ഗതാഗതവും പൊലീസ് നിരോധിച്ചു. ബാരിക്കേഡ് ഉപയോഗിച്ചാണ് പൊലീസ് റോഡ് അടച്ചത്. കണ്ണിങ്ഹാം റോഡിൽനിന്ന് നടന്‍റെ സദാശിവനഗറിലെ വസതി വരെയുള്ള റോഡും അടച്ചു. സദാശിവനഗറിലെ നടന്‍റെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
ബംഗളൂരു നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുമെന്നും ബംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. സുരക്ഷ മുൻനിർത്തി ബംഗളൂരുവിലെയും മറ്റു ജില്ലകളിലെയും തമിഴ്നാട് അതിർത്തി ജില്ലകളിലെയും മദ്യശാലകൾ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ അടച്ചു.
സദാശിവനഗറിലെ നടന്‍റെ വസതിക്ക് സമീപത്തെ സെൻറ് ആൻഡ്ര്യൂ കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളോട് വീട്ടിലേക്ക് മടങ്ങാനും നിർദേശിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്‍റെ ഭൗതിക ശരീരം പൊതുദർശനത്തിവെക്കും. പൊതുജനങ്ങൾക്ക് ഇവിടെയെത്തി ആദരാജ്ഞലി അർപ്പിക്കാൻ സൗകര്യമുണ്ടാകുമെന്ന് റവന്യു മന്ത്രി ആർ. അശോക പറഞ്ഞു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.