മറക്കുവതെങ്ങനെ ആ പൂക്കാലം.. - സർജാനോ ഖാലിദ്
text_fieldsഫ്ലാ റ്റ് ജീവിതത്തോട് ഒരകലം പാലിക്കുന്നതാണ് മലയാളികളുടെ ജീവിതരീതി. ആർക്കും ആരോടും പരസ്പരം സ്നേഹമുണ്ടാവില്ല, സൗഹൃദമില്ല, വ്യക്തി ബന്ധങ്ങളില്ല...എന്തിന് രോഗിയായി കിടന്നാൽപോലും ആരും തിരിഞ്ഞുനോക്കില്ല ...അയൽബന്ധങ്ങളില്ല എന്നുവേണ്ട ഫ്ലാറ്റ് ജീവിതം ഇഷ്ടമല്ലെന്ന കാരണം നിരത്താൻ ഇത്തരത്തിലുള്ള നൂറുനൂറു ന്യായങ്ങൾ അവർക്കുണ്ടാവും. എന്നാൽ, ഫ്ലാറ്റ് ജീവിതത്തിലെ ഊഷ്മളതയും സ്നേഹവും ഊട്ടിയുറപ്പിക്കുന്ന കഥയാണ് കുട്ടിക്കാലത്തെ കുറിച്ച് യുവനടൻ സർജാനോ ഖാലിദിന് പറയാനുള്ളത്. ഒപ്പം ഫ്ലാറ്റ് ജീവിതത്തിൽ അനുഭവിച്ച ഓണം അനുഭവങ്ങളും...
നാലുവർഷം മുമ്പാണ് വെളുത്തുമെലിഞ്ഞ സുന്ദരനായ ഒരു പതിനെട്ടുകാരൻ മലയാളികളുടെ മുന്നിൽ നായകനായി എത്തുന്നത്. ചോക്ലേറ്റ് നായകനെന്ന താരപരിവേഷത്തിൽ എത്തിപ്പെടാവുന്ന കഥാപാത്രവും രൂപഭംഗിയും പക്ഷേ, സർജാനോ ഖാലിദിനെ അതിൽ തളച്ചിട്ടില്ല. കാമ്പസ് ചിത്രമായിരുന്നെങ്കിലും പക്വതയാർന്ന അഭിനയം 'ജൂൺ' എന്ന മലയാള സിനിമയിൽ പുതിയൊരു നായകനെ സമ്മാനിക്കുകയായിരുന്നു. സർജാനോ എന്നു പറഞ്ഞാൽ പാലി ഭാഷയിൽ ക്രിയേറ്റിവിറ്റി എന്നാണർഥം.
എല്ലാവർക്കും പറയാനുള്ളതുപോലെ കുട്ടിക്കാലത്തെ ഓണം ഓർമകൾ സർജാനോക്കും പറയാനുണ്ട്. അതു പക്ഷേ, ഗ്രാമത്തിലെ കുട്ടികളെപ്പോലെ നാട്ടിൻപുറത്ത് പൂപറിക്കാൻ പോയ കഥകളല്ല... എറണാകുളത്തെ കടവന്ത്രയിലെ അപ്പാർട്മെന്റിലായിരുന്നു സർജാനോയുടെ ബാല്യകാലം. ആ അപ്പാർട്മെന്റിൽ രണ്ട് ബ്ലോക്കുകളുണ്ടായിരുന്നു. ഈ രണ്ടു ബ്ലോക്കുകളിലുമായി 350ഓളം കുടുംബങ്ങളുണ്ട്. സാധാരണ ഫ്ലാറ്റ് സംസ്കാരം പോലെയല്ല, അവിടെയുള്ളവരെല്ലാം പരിചയക്കാരായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു ജീവിച്ചിരുന്നത്. ഓണം എന്നുപറയുമ്പോൾ സർജാനോവിന് ആദ്യം ഓർമവരുന്നത് ഈ ഫ്ലാറ്റിലെ ഓണാഘോഷം തന്നെയാണ്.
ഓണം അവിടെ ഒരു ഉത്സവം തന്നെയായിരുന്നു. ഓണ സദ്യയും കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും എന്നുവേണ്ട വിവിധ പരിപാടികൾ അരങ്ങേറും. രണ്ടു ബ്ലോക്കിൽ താമസിക്കുന്നവർ തമ്മിലുള്ള വടംവലി മത്സരമായിരുന്നു മുഖ്യ ആകർഷണം. ഓണം ഒരു സീസൺ പോലെയായിരുന്നു കുട്ടികൾക്ക്. ഓണത്തിന് മുന്നോടിയായി ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങളും ഉണ്ടാവും. ഓണാവധിയായതുകൊണ്ട് കുട്ടികൾ ഇതെല്ലാം ആഘോഷിക്കുകയും ചെയ്യും.
പിന്നീട് വടകര റാണി പബ്ലിക്ക് സ്കൂളിലെ ജീവിതത്തിലും ഓണം സർജാനോ ഖാലിദ് അടിച്ചുപൊളിച്ചു. ഓണാഘോഷത്തിന്റെ അന്ന് മുണ്ടുടുത്ത് സ്കൂളിൽ പോവുക ഹരമായിരുന്നു. രണ്ടുമൂന്ന് വർഷം ഗൾഫിലായിരുന്നു പഠനം. അന്നും സുഹൃത്തുകൾക്കൊപ്പം ഓണം ഗംഭീരമാക്കിയിരുന്നു.
നാലുവർഷം മുമ്പ് സിനിമയിൽ എത്തിപ്പെട്ടെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ ഒരിക്കൽപോലും ഓണം ആഘോഷിക്കാൻ സാധിച്ചിട്ടിെല്ലന്ന് ഈ യുവതാരം പറയുന്നു.
ഈ ഓണം സർജാനോക്ക് മറ്റൊരു സന്തോഷം തരുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ടിറങ്ങിയ വിക്രം നായകനായെത്തുന്ന കോബ്ര എന്ന തമിഴ് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ്. വിക്രമിന്റെ കോളജ് കാലഘട്ടമാണ് ചെയ്യുന്നത്. സർജാനോ ഖാലിദിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തത്. അതിന്റെ മറ്റു തിരക്കിലാണ് താരം.
സർജാനോയെ സംബന്ധിച്ചിടത്തോളം പ്രധാന ആഗ്രഹം ഒരു നല്ല നടനായി അറിയപ്പെടുക എന്നാണ്. കൂടുതൽ സിനിമയിൽ അഭിനയിക്കുക, കൂടുതൽ പ്രതിഫലം വാങ്ങുക എന്നതിനേക്കാളുപരി നല്ല നടൻ, അതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.