മീശമാധവനിൽ ഭഗീരഥൻ പിള്ള ആവേണ്ടിയിരുന്നത് ജഗതി ആയിരുന്നില്ല; മറ്റൊരു നടനായിരുന്നു-രഞ്ജൻ പ്രമോദ്
text_fieldsലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാർ അതിമനോഹരമാക്കിയ കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചിരുന്നത് നടൻ നെടുമുടി വേണുവിനെ ആയിരുന്നെന്ന് തിരക്കഥകൃത്ത് രഞ്ജൻ പ്രമോദ്. എന്നാൽ ലാൽ ജോസിന്റെ തന്നെ ‘മറവത്തൂർ കനവി’ൽ നെടുമുടി വേണു അവതരിപ്പിച്ച പളനിച്ചാമി എന്ന കഥാപാത്രത്തിന്റെ ആവർത്തനമാകും പിള്ളേച്ചൻ എന്ന സംശയത്തിലാണ് ആ വേഷം ജഗതിലേക്ക് എത്തിയതെന്ന് രഞ്ജൻ പുതിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ പറക്കും തളിക സിനിമയുമായി മീശമാധവന് ഒരു ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
'മീശമാധവനിലെ എല്ലാ കഥാപാത്രങ്ങളും മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് പേരായിട്ടില്ലായിരുന്നു.അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു.
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ചേട്ടൻ ചെയ്യുന്നത്.അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്‌ത ഹംസ,സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിലെ എല്ലാ താരങ്ങളും മീശമാധവനിലും ഉണ്ടാകണമെന്ന്. എല്ലാവർക്കും നല്ല റോളും ഉണ്ടാവണം.മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തുമുണ്ട്'-രഞ്ജൻ പ്രമോദ് പറഞ്ഞു.
ദിലീപ്, കാവ്യ മാധവൻ, എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് മീശമാധവൻ.2002 പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. ഇന്ദ്രജിത്ത് ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ഹരിശ്രീ അശോകൻ ,കൊച്ചിൻ ഹനീഫ,സുകുമാരി ,കാർത്തിക,സലിം കുമാർ,മാള അരവിന്ദൻ,ജ്യോതിർമയി ,സനൂഷ,അംബിക മോഹൻ എന്നിവരായിരുന്നു മറ്റു താരങ്ങൾ. വിദ്യാസാഗറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. പാട്ടുകളെല്ലാം ഇന്നും ജനശ്രദ്ധനേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.