സെന്ന ഹെഗ്ഡെയുടെ ഓണം ഓർമ്മകൾ...
text_fieldsനാട്ടുവരമ്പുകളിലൂടെ തുമ്പപ്പൂ തേടിയുള്ള അലച്ചിൽ. അത്തം മുതൽ മുറ്റത്ത് വിരിയുന്ന പൂക്കളം. പൂത്തറ, ഊഞ്ഞാലാട്ടം, സദ്യ, വള്ളംകളി, ഘോഷയാത്ര... തുടങ്ങി ഓണക്കാലത്തിന്റെ ചിട്ടവട്ടങ്ങളെല്ലാം പരിചിതമാണ്. ഓണക്കാലമെന്നാൽ കുട്ടിക്കാലം പറയാനാണ് പലർക്കും ഇന്നും വലിയ ഹരം. ഇല്ലായ്മകളുടെ കാലത്തെ സമൃദ്ധിയുടെ നല്ലോണം കൂടിയാണവർക്ക് ആ ഒരു കാലം. പഴയ കളിക്കൂട്ടുകാർ, ബന്ധുക്കൾ തുടങ്ങിയെല്ലാവരും, പോയകാലത്തെ രസകരമായ ഓണക്കഥകൾ നിർത്താതെ പറയും.
ഇങ്ങനെ കേട്ടും വായിച്ചും അറിഞ്ഞ ആ വസന്തം നാട്ടിലിരുന്ന് നേരിട്ട് അനുഭവിക്കാൻ കഴിയാത്തവർ ഏറെയുണ്ടാകും. അത്തരക്കാർക്ക് ഓർമച്ചെപ്പിലാണ് ആ പൊന്നോണക്കാലം. ഓണനാട്ടിൽ ജനിച്ച് മറുനാട്ടിലും വിദേശത്തുമായി പതിറ്റാണ്ടുകൾ കഴിഞ്ഞ് വീണ്ടും മലയാള നാട്ടിൽ തിരിച്ചെത്തുമ്പോൾ വല്ലാത്ത ഒരനുഭൂതിയാണ്. നാട്ടിലെത്തിയ കാലം മുതൽ ഓണക്കോടിയുടുത്ത് പായസവും പപ്പടവും കൂട്ടിയുള്ള സദ്യയും തുടങ്ങി ഓണത്തിന്റെ സൗഭാഗ്യങ്ങളെല്ലാം നേരിട്ട് അനുഭവിക്കുകയാണ് സെന്ന ഹെഗ്ഡെ. കാക്കപ്പൂവും തുമ്പയും തേടി നാട്ടിൻപുറത്തുകൂടി ഓടിനടന്നിട്ടില്ല. ഓണയൂഞ്ഞാലിൽ ആടിയതായി വലിയ ഓർമയില്ല. ഓണക്കോടിയും ധരിച്ച് കറങ്ങിനടന്ന കുട്ടിക്കാലമൊന്നും അധികമില്ല. പക്ഷേ, കാഞ്ഞങ്ങാടിന്റെ പെരുമ വാനോളം ഉയർത്തിയ സംവിധായകന്റെ മനസ്സിൽ വലിയൊരു ഓണക്കാലമുണ്ട്. കഥയിലും നോവലിലും വായിച്ചതല്ല ആ ഓണക്കാഴ്ചകൾ. വെള്ളിത്തിരയിൽ കണ്ട ഉത്സവാന്തരീക്ഷങ്ങളാണ് സെന്ന ഹെഗ്ഡെയുടെ മനസ്സുനിറയെ.
പാതി മലയാളി, പാതി കന്നടക്കാരൻ
അസ്സൽ കാഞ്ഞങ്ങാട്ടുകാരനായാണ് ജനനം. കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശിയാണ് അച്ഛൻ. അമ്മ കന്നടക്കാരിയും. മൂന്നാം ക്ലാസ് തൊട്ട് അമ്മക്കൊപ്പം മംഗളൂരുവിനടുത്ത് നിട്ടെയിലെ വീട്ടിലായിരുന്നു താമസം. അമ്മയുടെ ജോലി മംഗളൂരുവിലായതിനാലാണ് ഇങ്ങനെ ചെയ്തത്. സ്കൂൾ തൊട്ട് ബിരുദ പഠനം വരെ കർണാടകയിൽ. പിന്നീട് ആസ്ട്രേലിയയിൽ ബിരുദാനന്തര ബിരുദം. തുടർന്ന് അമേരിക്കയിൽ ജോലി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ഗൾഫിലുമായി ജോലി. 2014ൽ കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. ഗൾഫിലെ ഉയർന്ന ജോലി രാജിവെച്ചാണ് പഴയ സിനിമ സ്വപ്നവുമായി നാട്ടിൽ സജീവമാവാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽ ഓണമില്ലാത്ത നാട്ടിലാണ് കഴിഞ്ഞത്. കർണാടകയിലും വിദേശത്തുമായി ബാല്യവും കൗമാരവും യൗവനത്തിന്റെ നല്ലൊരുകാലവും കഴിഞ്ഞു.
ഓണവും വിഷുവും തുടങ്ങി ആഘോഷങ്ങളെല്ലാം 'മിസ്' ചെയ്തു. നഷ്ടമായ ഉത്സവക്കാലമെല്ലാം 2014 മുതൽ തിരിച്ചുപിടിക്കുന്നു. ഓണവും സദ്യയും ഓണക്കോടിയുമെല്ലാം തിരിച്ചുവരുന്നു.
അതൊക്കെ ഓരോ നിശ്ചയം
തനി കാഞ്ഞങ്ങാടൻ ഭാഷയിലെടുത്ത 'തിങ്കളാഴ്ച നിശ്ചയം' ഇത്രയും വിജയിച്ചത് ദൈവനിശ്ചയംകൂടിയാണ്. സെന്ന ഹെഗ്ഡെയുടെ മൂന്നാമത്തെ സിനിമയാണിത്. കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പുതുമുഖങ്ങൾ വേഷമിട്ട സിനിമ ചിത്രീകരിച്ചതും കാഞ്ഞങ്ങാട്ടുതന്നെ. പക്ഷേ, സിനിമ മലയാളിയങ്ങ് ഏറ്റെടുത്തു.സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു പിന്നാലെ ദേശീയ അംഗീകാരംകൂടി സ്വന്തമാക്കി. മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ ഉത്തരകേരളത്തിനുകൂടിയുള്ള ബഹുമതിയായി ഇത് സംവിധായകൻ കാണുന്നു. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കപ്പുറം സിനിമ മാത്രം പറയാനാണ് സെന്നക്ക് ഇഷ്ടം.ഷറഫുദ്ദീൻ നായകനായുള്ള '1744 വൈറ്റ് ആൾട്ടോ കാർ' സിനിമ റിലീസിനൊരുങ്ങി.
2020ലെ ഓണക്കാലത്താണ് തിങ്കളാഴ്ച നിശ്ചയം പ്രഖ്യാപിച്ചത്. വീണ്ടുമൊരോണക്കാലത്ത് ഒരുപാട് പുതിയ സിനിമകൾ മനസ്സിലുണ്ട്. ഓരോ നിശ്ചയപ്രകാരം എല്ലാം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.