‘എജുക്കേഷനൽ റോക്ക്‌സ്റ്റാർസ്’; പത്താനിലെ ഗാനത്തിന് ചുവടുവെച്ച അധ്യാപികമാരെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ -Video
text_fieldsന്യൂഡൽഹി: ‘പത്താൻ’ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച അധ്യാപികമാരെ പ്രശംസിച്ച് ഷാറൂഖ് ഖാൻ. ഡൽഹി യൂനിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റിലെ അധ്യാപികമാരാണ് വിദ്യാർഥികൾക്കൊപ്പം ‘ജൂമേ ജൊ പത്താൻ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചത്.
സാരിയണിഞ്ഞുള്ള അധ്യാപികമാരുടെ ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഷാറൂഖ് ഖാന്റെ ശ്രദ്ധയിലും എത്തി. ദിവസങ്ങൾക്ക് മുമ്പ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ജെ.എം.സി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോ സൂപ്പർ താരം ട്വിറ്ററിൽ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു, ‘‘തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരും പ്രഫസർമാരും ഉള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും എജുക്കേഷനൽ റോക്ക്‌സ്റ്റാർസ്!!.
ചൊവ്വാഴ്ച ഉച്ചക്ക് പങ്കുവെച്ച വിഡിയോ എട്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. നിരവധി പേർ അധ്യാപികമാരെയും വിദ്യാർഥിനികളെയും അഭിനന്ദിച്ച് കുറിപ്പിടുകയും വിഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ആരംഭിച്ച ഫ്ലാഷ്മോബിൽ പിന്നീട് അധ്യാപികമാരും പങ്കുചേരുകയായിരുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ ബോക്സ് ഓഫിസിൽനിന്ന് 1000 കോടി നേടി കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ 1000 കോടി നേടുന്ന അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് പത്താൻ. ഷാറൂഖ് ഖാന് പുറമെ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ജവാൻ’ ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രം. നയൻതാരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.