എഡിറ്റിങ് കാണണമെന്ന് പറഞ്ഞിട്ടില്ല, നിര്മാതാവിന്റെ ഭര്ത്താവ് അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി -'അമ്മ'യെ സമീപിച്ച് ഷെയ്ൻ നിഗം
text_fieldsകൊച്ചി: ആർ.ഡി.എക്സ് സിനിമ നിർമാതാവ് സോഫിയ പോൾ തനിക്കെതിരെ ആരോപിച്ച കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നടൻ ഷെയിൻ നിഗം. ആരോപണങ്ങൾ നിഷേധിക്കുന്ന കത്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് കൈമാറി. തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണമാണ്. ആർ.ഡി.എക്സ് സിനിമയിൽ തനിക്ക് വാഗ്ദാനം ചെയ്തിരുന്ന കഥാപാത്രത്തിന്റെ പ്രാധാന്യം ചിത്രീകരണം ആരംഭിച്ചപ്പോൾ നഷ്ടപ്പെടുന്നുവെന്ന ആശങ്കയുണ്ടായി. അപ്പോൾ സംവിധായകനാണ് ചിത്രത്തിന്റെ ഭാഗങ്ങൾ കണ്ടുനോക്കൂ എന്ന് ആവശ്യപ്പെട്ടത്.
ലൊക്കേഷനിൽ എത്താത്തതുകൊണ്ട് ഷൂട്ടിങിന് തടസ്സമുണ്ടായെന്ന ആരോപണത്തിലും ഷെയിൻ മറുപടി നൽകുന്നുണ്ട്. തലേദിവസത്തെ ചിത്രീകരണം പൂർത്തിയായത് അന്ന് വെളുപ്പിന് 1.30ഓടെയാണ്. ഷൂട്ടിങ് കഴിഞ്ഞപ്പോൾതന്നെ അടുത്ത ദിവസം 10ന് ശേഷം എത്തുന്നതിന് സംവിധായകനിൽനിന്നും ചീഫ് അസോസിയേറ്റിൽനിന്നും അനുമതി വാങ്ങിയിരുന്നു. മാർച്ച് 20ന് മൈഗ്രെയ്ൻ ആയതുകൊണ്ട് എത്താൻ വൈകുമെന്ന് വിളിച്ച് അറിയിച്ചപ്പോൾ ഷെയിൻ വരാതെ ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചു. മരുന്ന് കഴിച്ചിട്ട് ഉടൻ വരാം എന്ന് പറഞ്ഞു. അതിനുശേഷം നിർമാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് അപമര്യാദയായി സംസാരിക്കുകയും മൈഗ്രെയ്ൻ നുണയാണെന്ന് പറയുകയുമൊക്കെ ചെയ്തു. ഈ സമയത്ത് തന്റെ അമ്മ വികാരനിർഭരമായി സംസാരിച്ചതിന് ഖേദം അറിയിക്കുന്നു.
വാഗ്ദാനം ചെയ്ത പ്രാധാന്യം കഥാപാത്രത്തിന് ഇല്ലെന്ന ആശങ്കയെന്ന് ഷെയിൻ; ബുദ്ധിമുട്ടിച്ചെന്ന് നിർമാതാവ്
കൊച്ചി: നടൻ ഷെയിൻ നിഗത്തിനെതിരെ ആർ.ഡി.എക്സ് സിനിമാ നിർമാതാവ് സോഫിയ പോൾ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ പരാതി പുറത്ത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായി ഷെയിൻ സോഫിയ പോളിന് അയച്ച കത്തും പുറത്തുവന്നു.
സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ഷെയിൻ നിഗത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും പെരുമാറ്റം തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് സോഫിയയുടെ പരാതി. അതുവരെയുള്ള ദൃശ്യങ്ങൾ അദ്ദേഹവും അമ്മയും കണ്ട് സിനിമയിലെ പ്രാധാന്യം ഉറപ്പുവരുത്തിയശേഷമേ തുടർന്ന് അഭിനയിക്കൂ എന്ന നിലപാട് ചിത്രീകരണത്തിനിടെ സ്വീകരിച്ചത് ബുദ്ധിമുട്ടായി. അദ്ദേഹത്തെ കാണിക്കാമെന്നും കൂടെയുള്ളവരെ കാണിക്കാനാകില്ലെന്നും പറഞ്ഞപ്പോൾ പുതിയ ആവശ്യങ്ങളുമായി കത്ത് അയച്ചു. പിന്നീട് ബി. ഉണ്ണികൃഷ്ണൻ സെറ്റിൽ എത്തി ചർച്ച നടത്തിയ ശേഷമാണ് ഷൂട്ടിങ് തുടരാനായത്. ചിത്രീകരണത്തിന് എല്ലാവരും കാത്തുനിൽക്കുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷെയിനുൾപ്പെടെ പ്രധാന അഭിനേതാക്കൾ എത്താതിരുന്നതോടെ ലൊക്കേഷൻതന്നെ മാറ്റേണ്ടി വന്നുവെന്നും സോഫിയ പരാതിയിൽ പറഞ്ഞു.
സിനിമയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറയുന്നുവെന്ന ആശങ്കയാണ് ഷെയിൻ നിഗത്തിന്റെ കത്തിലുള്ളത്. കരാറിൽ ഏർപ്പെടുമ്പോൾ രണ്ട് സഹനടന്മാർക്കൊപ്പം ഒരു പ്രധാന നടനായി തന്നെ തെരഞ്ഞെടുത്തുവെന്നായിരുന്നു അറിയിച്ചത്. പ്രാരംഭ ചർച്ചകളിൽ തനിക്കായി നീക്കിവെച്ച റോബർട്ട് എന്ന കഥാപാത്രം പ്രധാന വേഷമാണെന്നാണ് മനസ്സിലാക്കിയത്. എന്നാൽ, സിനിമയുടെ ചിത്രീകരണ വേളയിൽ താൻ ചെയ്യുന്ന കഥാപാത്രത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആശങ്കയുണ്ടായി. ഇത് തന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയും ബാധിക്കും. ഇക്കാര്യത്തിൽ വിശദീകരണം ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷെയിൻ പറയുന്നു.
സിനിമയുടെ മാർക്കറ്റിങ്, പ്രമോഷൻ, ബ്രാൻഡിങ് എന്നിവയിൽ തന്റെ കഥാപാത്രത്തിന് പ്രാഥമിക പ്രാധാന്യം നൽകണം. സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തിറക്കുമ്പോഴും അത് ലഭിക്കണം. സിനിമയുടെ ഫൈനൽ കട്ടിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം നിലനിർത്തണമെന്നും ഷെയിൻ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.