നവ്യയുമായുള്ള മത്സരം തുടങ്ങിയത് കലോത്സവ വേദിയിൽ നിന്ന് ; അവർക്ക് ഫസ്റ്റും എനിക്ക് 14ാം സ്ഥാനവും....
text_fieldsനടി നവ്യ നായരുമായുള്ള മത്സരം കലോത്സവ വേദിയിൽ തുടങ്ങിയതാണെന്ന് ഷൈൻ ടോം ചാക്കോ. മോണോ ആക്ടിനാണ് തങ്ങൾ ഒന്നിച്ച് മത്സരിച്ചിരുന്നതെന്നും നവ്യ ജയിക്കുകയും തനിക്ക് സമ്മാനമൊന്നും ലഭിച്ചില്ലെന്നും ഷൈൻ പറഞ്ഞു. ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് റീലും സോഷ്യൽ മീഡിയയും ഒന്നുമില്ലല്ലോ. യുവജനോത്സവത്തിൽ ഏതെങ്കിലും പരിപാടിയിൽ ഹിറ്റടിച്ചാൽ സംവിധായകൻ നമ്മളെ തിരിച്ചറിയും. എന്നിട്ട് സിനിമയിലേക്ക് കൊണ്ടുപോകും. മഞ്ജു വാര്യർ, വിനീത്, മോനിഷ, നവ്യ നായർ തുടങ്ങിയവരെല്ലാം യുവജനോത്സവത്തിൽ നിന്ന് വന്നതാണ്- ഷൈൻ ടോം ചാക്കോ തുടർന്നു.
പ്ലസ് ടുവിന് എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മോണോ ആക്ടാണ് വഴി. ഡാൻസ് വഴി എത്താൻ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം ആൺകുട്ടികളു പെൺകുട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. പിന്നീട് അതുമാറ്റിയെങ്കിലും ഞാൻ പഠിച്ചില്ല. ഭരതനാട്യവും മോഹിനിയാട്ടവുമൊക്ക കുറച്ച് എക്സ്പെൻസീവാണ്. പഠിക്കാനും വസ്ത്രത്തിനും ആഭരണത്തിനുമൊക്കെ മാർക്കുണ്ട്. മോണോ ആക്ടിന് വലിയ ചെലവൊന്നുമില്ലല്ലോ.
മോണോ ആക്ട് തുടങ്ങാൻ നേരം ലൊക്കേഷനിൽ നിന്ന് നവ്യ നായർ എത്തി. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. നവ്യക്ക് ഫസ്റ്റ് കിട്ടി. എനിക്ക് പതിനാലാം സ്ഥാനവും. അന്ന് ഞാൻ നവ്യയോട് പറഞ്ഞു, നിങ്ങൾ സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. അതിന് മുമ്പത്തെ പ്രാവശ്യമായിരുന്നു നവ്യ കരഞ്ഞത്. അവർ വരുമ്പോൾ കാമറയും മറ്റുമെത്തും. അവരുടെ മോണോ ആക്ട് കഴിഞ്ഞാൽ പിന്നെ കാണാൻ ആരും ഉണ്ടാകില്ല- ഷൈൻ ടോം പഴയ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.