സെയ്ഫിനൊപ്പം കുഞ്ഞു തൈമൂർ ആശുപത്രിയിൽ പോയെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി -ആയ ലളിത ഡിസിൽവ
text_fieldsമുംബൈ: മോഷ്ടാവിന്റെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് അനുഗമിച്ച മകൻ തൈമൂറിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് കുട്ടിയുടെ മുൻ ആയ ലളിത ഡിസിൽവ. എട്ടുവയസ്സുള്ള മകനും അച്ഛനെപ്പോലെ കരുത്തനാണെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞു.
മോഷ്ടാവിന്റെ അക്രമത്തിൽനിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടർന്ന് അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മകൻ തൈമൂർ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ജീവനക്കാരും കൂടെയുണ്ടായിരുന്നു. കുത്തേറ്റ് ചോരയൊലിപ്പിച്ച പിതാവിനൊപ്പം തൈമൂറും ഉണ്ടായിരുന്നെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയതായി ലളിത ഡിസിൽവ പ്രതികരിച്ചു.
ലീലാവതി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിനോടും ഡോക്ടറോടും സംസാരിച്ചപ്പോൾ തൈമൂർ ഉണ്ടായിരുന്നതായി അവർ സ്ഥിരീകരിച്ചു. “കുഞ്ഞു തൈമൂർ തന്റെ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ ചെറുപ്രായത്തിലും മനക്കരുത്തുള്ളവനാണ്. അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല” -ലളിത പറഞ്ഞു.
സെയ്ഫിന്റെയും കരീനയുടെയും അപ്പാർട്ട്‌മെന്റിലേക്ക് അക്രമി എങ്ങിനെയാണ് പ്രവേശിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് അവർ പറഞ്ഞു. ‘ഞാൻ ജോലി ചെയ്യുന്ന കാലത്ത് തൈമൂറിന്റെ മുറിയിൽ കാമറകൾ ഉണ്ടായിരുന്നു. ഇപ്പോൾ എന്താണ് അവസ്ഥയെന്ന് അറിയില്ല. അക്രമി കടന്നുകയറിയത് ശരിക്കും അത്ഭുതകരമാണ്. ജോലിക്കായി നിരവധി ഉദ്യോഗസ്ഥർ വന്നു പോകുന്നുണ്ട്. ഇതിനിടെ അക്രമി എങ്ങനെ അകത്ത് പ്രവേശിച്ചുവെന്ന് എനിക്കറിയില്ല’ -ലളിത പറഞ്ഞു.
സെയ്ഫിന്റെ ധീരതയെയും ചെറുത്തുനിൽപ്പിനെയും പ്രശംസിച്ച അവർ, തൈമൂറും പിതാവിനെപ്പോലെ ശക്തനാകുമെന്ന് പറഞ്ഞു. കരീനയുടെ അച്ചടക്കമുള്ള സ്വഭാവത്തെയും ലളിത പ്രശംസിച്ചു. “അദ്ദേഹം (സെയ്ഫ്) സിംഹത്തെപ്പോലെയാണ്, ഒരു നവാബ് ആണ്. ഞാൻ സെയ്ഫ് സാറിനെ ശരിക്കും ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റേത് ശക്തമായ വ്യക്തിത്വമാണ്. തൈമൂറിനും ശക്തമായ വ്യക്തിത്വമുണ്ട്, അവൻ തന്റെ അബ്ബയെ (പിതാവിനെ) പോലെ ശക്തനായിരിക്കും. അവന്റെ മാതാപിതാക്കൾ വളരെ കരുത്തുള്ള മനസ്സുള്ളവരാണ്. കരീന മാഡം വളരെ ശക്തയായ സ്ത്രീയാണ്, അവർ വളരെ അച്ചടക്കമുള്ളവളാണ്’ -ലളിത പറഞ്ഞു. സെയ്ഫും കരീനയും ഒരിക്കലും തങ്ങളുടെ കുട്ടികളെ സെലിബ്രിറ്റികളെപ്പോലെ വളർത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും ലളിത പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.