സൈനക്കെതിരായ മോശം പരാമർശത്തിൽ വ്യാപക പ്രതിഷേധം; വിവാദകുരുക്കിൽ സിദ്ധാർഥ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റിൽ സിനിമ താരം സിദ്ധാർഥിനെതിരെ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്ന സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാർഥിന്‍റെ മോശം പരാമർശം.
'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' -ഇതായിരുന്നു സൈനയുടെ ട്വീറ്റ്. സൈനയുടെ ട്വീറ്റിനെ പരിഹാസ രൂപേണ റീട്വീറ്റ് ചെയ്ത കുറിപ്പിൽ പ്രയോഗിച്ച ലൈംഗിക ചുവയുള്ള വാക്കാണ് സിദ്ധാർഥിന് തലവേദനയായത്.
ഇടപെട്ട് വനിത കമ്മീഷൻ
വിവാദ ട്വറ്റുമായി ബന്ധപ്പെട്ട് സിദ്ധാർഥിനെതിരെ ദേശീയ വനിത കമ്മീഷൻ രംഗത്തെത്തി. താരത്തിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തു. സൈനക്കെതിരായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സിദ്ധാർഥിന്‍റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. സിദ്ധാർഥിന്‍റെ അക്കൗണ്ട് നിലനിർത്തുന്നത് എന്തിനാെണന്ന് രേഖ ശർമ ട്വിറ്ററിനോട് ചോദിച്ചു. കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡി.ജി.പിക്ക് നിർദേശം നൽകുകയും ചെയ്തു. 'ഇയാൾ ചില പാഠങ്ങൾ ഉൾക്കൊള്ളണം. ഇയാളുടെ അക്കൗണ്ട് ഇപ്പോഴും നിലനിർത്തുന്നത് എന്തിനാണ്' -രേഖ ശർമ ട്വീറ്റ് ചെയ്തു.
പ്രതിഷേധവുമായി സൈനയും ഭർത്താവും
സിദ്ധാർഥിന്‍റെ പരാമർശത്തിനെതിരെ സൈനയും ഭർത്താവും ബാഡ്മിന്റൺ താരവുമായ പി. കശ്യപും രംഗത്തെത്തിയിരുന്നു. 'ഈ ട്വീറ്റ് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങൾക്ക് അഭിപ്രായമുന്നയിക്കാം. പക്ഷേ അൽപ്പം കൂടി മാന്യമായ വാക്ക് ഉപയോഗിക്കണം. ഇത്തരം പരാമർശം രസകരമാെണന്നാണ് നിങ്ങൾ കരുതുന്നതെന്ന് ഞാൻ ചിന്തിക്കുന്നു' -കശ്യപ് ട്വീറ്റ് ചെയ്തു.
നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപോയെന്നുമായിരുന്നു സൈനയുടെ പ്രതികരണം.
'അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ഉറപ്പില്ല. ഒരു നടനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു, പക്ഷേ ഇതത്ര നല്ലതല്ല. അദ്ദേഹത്തിന് മറ്റു വാക്കുകൾ ഉപയോഗിച്ച് പ്രകടനങ്ങൾ നടത്താം, പക്ഷേ ഇത്തരം വാക്കുകളും കമന്‍റുകളും ട്വിറ്ററും നിങ്ങളും ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു' -സൈന ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
സിദ്ധാർഥിനെതിരെ നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബുവും പ്രതികരണവുമായി രംഗത്തെത്തി. സിദ്ധാർഥ് എന്‍റെ നല്ല സുഹൃത്താണെന്നും ഒരിക്കലും ഇത്തരമൊരു പ്രസ്താവന നിങ്ങളിൽനിന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.
സിദ്ധാർഥിന്‍റെ പ്രതികരണം
ട്വീറ്റ് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാർഥ് തന്നെ രംഗത്തെത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർഥിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.