സിനിമയെ ചിരിമയമാക്കിയ 'ജെന്റിൽമാൻ'
text_fieldsസിനിമകളിലും ജീവിതത്തിലും തമാശകൾ നിറച്ച് സംവിധായകൻ സിദ്ദിഖ് ജീവിതത്തിലെ തമാശകൾക്ക് വിരാമമിട്ടു. സംവിധായകർക്കിടയിലെ സൂപ്പർസ്റ്റാർ ആയിരുന്നു അദ്ദേഹം. എല്ലാവരോടും സൗമ്യതയോടെ ഇടപെട്ട അദ്ദേഹം ഒരിക്കൽ പോലും തലക്കനം കാണിച്ചില്ല. തന്റെ വഴികളിലേക്ക് പലരേയും കൊണ്ടുവരാനും അവർക്ക് പിടിവള്ളിയാകാനും അദ്ദേഹം മടികാണിച്ചതുമില്ല. സിനിമയും മിമിക്രിയുമാണ് തന്റെ ലോകമെന്ന വിശ്വസിച്ച സിദ്ദിഖ് വെള്ളിത്തിരയിലും വേദികളിലും കലാകാരൻമാരോടൊപ്പം നിറഞ്ഞാടി.
1954 ആഗസ്റ്റ് 1ന് ഇസ്മാഈൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിൽ ജനനം. പഠനത്തിനുശേഷം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി. അന്നും മനസ്സുനിറയെ സിനിമയായിരുന്നു. ഫാസിലിന്റെ സഹസംവിധായകനായാണ് സിനിമയിൽ എത്തുന്നത്. കൊച്ചിൻ കലാഭവനിലെ സ്റ്റാർ വാല്യൂ ഉള്ള കലാകാരനായിരുന്നു അദ്ദേഹം. ട്രൂപ്പിന്‍റെ ഏറെ ഹിറ്റായ മിമിക്സ് പരേഡ് എന്ന കോമഡി ഷോ സിദ്ദിഖിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത്.
ആ സ്റ്റാർ വാല്യു കണ്ടാണ് ഫാസിൽ സിനിമയിലേക്ക് കൈപിടിച്ചത്. അവിടെ നിന്നാണ് സിദ്ദിഖ് ലാൽ എന്ന ഹിറ്റ് കൂട്ടുകെട്ട് പിറന്നത്. സംവിധാനം ചെയ്ത ആദ്യ സിനിമ റാംജിറാവു സ്പീക്കിങ് തിയറ്ററുകളെ പൂരപ്പറമ്പാക്കി. പിന്നീട് സിദ്ദീഖ് ലാൽ എന്ന ഓറ്റപേരിൽ തിയറ്ററുകളിലേക്ക് ആളുകൾ ഇരച്ചു കയറി. വർഷങ്ങൾക്കിപ്പുറം ആ ഹിറ്റു കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും സിദ്ദിഖ് എന്ന ഒറ്റപേരിലും സിനിമകളുമായി വന്ന് അദ്ദേഹം സിനിമാസ്വാദകരുടെ ഹൃദയത്തിൽ തന്നെ തുടർന്നു. ഇടക്ക് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലും വരെ സിദ്ദീഖ് തന്റെ സിനിമകളിലൂടെ വിജയം കൊയ്തു.
ചിരിക്ക് വേണ്ടിയുള്ള ചിരി ചിത്രങ്ങളായിരുന്നില്ല സിദ്ദിഖ്-ലാൽ സിനിമകൾ. അതിൽ മലയാളിയുടെ ജീവിതവുമുണ്ടായിരുന്നു. സങ്കീർണമായ ജീവിതാനുഭവങ്ങളിൽ നിന്ന് ചിരിക്കാനുള്ളതെടുത്ത് നൂലിൽ കോർക്കുകയായിരുന്നു. കണ്ണീരും, കിനാവും, സ്വപ്നങ്ങളുമെല്ലാം അതിൽ അടങ്ങിയിരുന്നു. ചിരിയെന്ന ഘടകത്തെ മാറ്റിനിർത്തിയാൽ റാംജിറാവു സ്പീക്കിങ് ജീവിതത്തിൽ തിരിച്ചടികളേൽക്കുന്നവരുടെ പോരാട്ടത്തിന്‍റെ കഥയാണ്, വിയറ്റ്നാം കോളനി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതവും, ഗോഡ്ഫാദർ പ്രണയത്തിന്‍റെയും കുടിപ്പകയുടെയും കഥയുമാണ്. തമാശയില്ലാത്ത ഒരു പടം ചെയ്യാനാവില്ലേയെന്ന ചോദ്യത്തിന് 'തമാശ എന്‍റെ സിനിമയിൽ നിന്നും പൂർണമായും മാറ്റിവെക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്' എന്നായിരുന്നു സിദ്ദിഖിന്‍റെ മറുപടി. സിദ്ദിഖിന്‍റെ വേർപാടോടെ മലയാളത്തിന് നഷ്ടമാകുന്നത് ജനപ്രിയഹാസ്യത്തിന്‍റെ ഒരു സുവർണകാലഘട്ടത്തെയാണ്. മന്നാർ മത്തായിയും റാംജി റാവുവും ബാലകൃഷ്ണനും അപ്പുക്കുട്ടനും അഞ്ഞൂറാനും റാവുത്തറും ഹിറ്റ്ലർ മാധവൻകുട്ടിയും സാഗർ കോട്ടപ്പുറവുമെല്ലാം ഇനിയും സിനിമാപ്രേമികളെ പൊട്ടിച്ചിരിക്കുമ്പോൾ അവരുടെ നായകൻ സിദ്ദീഖ് എല്ലാം കണ്ട് ഇനി സ്വർഗത്തിലിരുന്ന് പുഞ്ചിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.