സിദ്ദിഖ് നല്ല സഹപ്രവർത്തകനും സുഹൃത്തും, മോശമായി പെരുമാറിയിട്ടില്ല -ആശ ശരത്
text_fieldsകോഴിക്കോട്: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നടിയും നർത്തകയുമായ ആശ ശരത്. കലാരംഗത്തെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തിൽനിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവൃത്തിയോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കുപ്രചാരണം നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ആശ ശരതിന്‍റെ കുറിപ്പിന്‍റെ പൂർണ രൂപം
പ്രിയപ്പെട്ടവരേ,
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എന്റെ പേരും പരാമർശിച്ചു കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ്, ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്ത് എന്റെ നല്ല സഹപ്രവർത്തകനും അതുപോലെ നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽനിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർഥിക്കുന്നു.
മലയാള സിനിമാരംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം. നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും
കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം ആശാ ശരത്
നേരത്തെ യുവനടി രേവതി സമ്പത്താണ് ഗുരുതര ലൈംഗികാരോപണം ഉയർത്തിയതിനു പിന്നാലെ ഞായറാഴ്ച സിദ്ദിഖ് താരസംഘടനയായ എ.എം.എം.എ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും നടി പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. പിന്നീട്, ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്.
അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. 2019ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയിൽനിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.