മിമിക്രിയെ ജനകീയമാക്കി, സിനിമയെ ചിരിമയമാക്കി
text_fieldsതിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത സിനിമകൾ ബാക്കിയാക്കി സംവിധായകൻ സിദ്ദിഖ് മടങ്ങുമ്പോൾ അവസാനമാകുന്നത് മലയാള സിനിമയുടെ സുവർണകാലത്തെ നർമവസന്തത്തിനാണ്. സിനിമയെ ചിരിക്കാനുള്ളത് കൂടിയാക്കി മാറ്റിയതിൽ സിദ്ദിഖും ലാലും ഉൾപ്പെടെയുള്ള, മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് നടന്നുകയറിയ പ്രതിഭകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. ചിരിക്ക് പിറകെ ചിരികൾ നിറഞ്ഞ്, ഡയലോഗുകൾ കേൾക്കാതായി വീണ്ടും വീണ്ടും കാണേണ്ടിവരുന്ന സിനിമകളെയാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത്.
കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായിരുന്ന സിദ്ദീഖിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത് സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ചയാണ്. തുടർന്ന്, ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകനായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കലാഭവനിലെ കൂട്ടുകെട്ട് സിനിമയിലും തുടർന്നപ്പോൾ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിറന്നു. 1989ൽ സിദ്ദിഖ്-ലാൽ സംവിധാന കൂട്ടുകെട്ടിൽ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രം പുറത്തിറങ്ങുമ്പോൾ മലയാളത്തിൽ ചിരിപ്പടങ്ങളുടെ പുതിയൊരു അധ്യായത്തിനാണ് തുടക്കമായത്.
തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റുകയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്... അങ്ങനെ മലയാളി എന്നും ചിരിയോടെ മാത്രം ഓർക്കുന്ന സിനിമകൾ അനവധി.
ചിരിക്ക് വേണ്ടിയുള്ള ചിരി മാത്രമായിരുന്നില്ല സിദ്ദിഖ്-ലാൽ സിനിമകൾ. അതിൽ മലയാളിയുടെ ജീവിതവുമുണ്ടായിരുന്നു. സങ്കീർണമായ ജീവിതാനുഭവങ്ങളിൽ നിന്ന് ചിരിക്കാനുള്ളതെടുത്ത് നൂലിൽ കോർക്കുകയായിരുന്നു ആ സിനിമകളെല്ലാം. കണ്ണീരും, കിനാവും, സ്വപ്നങ്ങളുമെല്ലാം അതിൽ ലയിച്ചു. മലയാളിക്ക് സിദ്ദിഖ്-ലാൽ ചിത്രങ്ങൾ ഒട്ടും അപരിചിതമായില്ല. അവ ജീവിതഗന്ധിയായിത്തന്നെ നിലകൊണ്ടു.
സ്ഥായിയായ ചിരിയെന്ന ഘടകത്തെ മാറ്റിനിർത്തിയാൽ റാംജിറാവു സ്പീക്കിങ് ജീവിതത്തിൽ തിരിച്ചടികളേൽക്കുന്നവരുടെ പോരാട്ടത്തിന്‍റെ കഥയാണ്, വിയറ്റ്നാം കോളനി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതവും, ഗോഡ്ഫാദർ പ്രണയത്തിന്‍റെയും കുടിപ്പകയുടെയും കഥയുമാണ്. എല്ലാ ജീവിതസമസ്യകളെയും നർമത്തിൽ ചാലിച്ചെടുക്കാനായി എന്നതാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്‍റെ മികവ്.
തമാശയില്ലാത്ത ഒരു പടം ചെയ്യാനാവില്ലേയെന്ന ചോദ്യത്തിന് 'തമാശ എന്‍റെ സിനിമയിൽ നിന്നും പൂർണമായും മാറ്റിവെക്കാൻ പറ്റില്ല. കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്' എന്നായിരുന്നു സിദ്ദിഖിന്‍റെ മറുപടി. സിദ്ദിഖിന്‍റെ വേർപാടോടെ മലയാളത്തിന് നഷ്ടമാകുന്നത് ജനപ്രിയഹാസ്യത്തിന്‍റെ ഒരു സുവർണകാലഘട്ടത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.