സിജുവിന്റെ 15 സിനിമാ വർഷങ്ങൾ
text_fields2010ൽ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന സിനിമയിലൂടെയെത്തി പിന്നീട് നായകനായി വളർന്ന നടൻ, സിജു വിൽസൺ. അഭിനയത്തിലെയും ജീവിതത്തിലെയും സൗമ്യസാന്നിധ്യംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ സിജു വിൽസണ് കഴിഞ്ഞു. തന്റെ അഭിനയജീവിതത്തിലെ 15ാം വർഷത്തിലേക്ക് കടക്കുമ്പോൾ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് അദ്ദേഹം. സിജു വിൽസൺ സംസാരിക്കുന്നു.
വ്യത്യസ്തത വേണം
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് എന്നും ആഗ്രഹം. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ലഭിക്കാറുള്ളതും. അങ്ങനെയൊരു സിനിമയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. ഇത്രയുംകാലം സിനിമയിൽനിന്ന് ലഭിച്ച അനുഭവസമ്പത്താണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമചെയ്യാൻ ആത്മവിശ്വാസം നൽകിയത്. ഒരു ബ്രേക്ക് വേണം എന്ന് ആഗ്രഹിച്ചുനിൽക്കുന്ന സമയമായിരുന്നു. അത് ലഭിച്ചു.
ഭയം കാരണം ഒരു സിനിമയും ഒഴിവാക്കിയിട്ടില്ല. എന്നെ ഒഴിവാക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല (ചിരിക്കുന്നു). ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് ശേഷം എന്തായാലും അങ്ങനെ ഉണ്ടായിട്ടുണ്ടാവില്ല എന്നുതന്നെയാണ് വിശ്വാസം. അത്രയും കാലം ഹ്യൂമർ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ക്യാരക്ടർ റോളുകൾ, ഹീറോ റോളുകൾ കുറവായിരുന്നു. വിനയൻ സാർ റിസ്ക് എടുത്തതുകൊണ്ടാണ് ശരിക്കും എനിക്ക് കഥാപാത്രം ചെയ്യാൻ കഴിഞ്ഞത്. വരുന്ന റോളുകൾ തെരഞ്ഞെടുത്ത് അഭിനയിക്കാനേ എനിക്ക് കഴിയൂ. അങ്ങനത്തെ സിനിമകൾ ലഭിച്ചാൽ വിജയിപ്പിക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്.
നിർമാണവും സംസ്ഥാന അവാർഡും
ആദ്യമായി നിർമിച്ച സിനിമ ‘വാസന്തി’ 2020ലെ സംസ്ഥാന അവാർഡ് നേടി. എല്ലാം ശ്രമങ്ങളാണ്. നിർമാണമായാലും അഭിനയമായാലും സിനിമയോടുള്ള ഇഷ്ടംകൊണ്ടാണത്. ചിലത് വിജയിക്കും, ചിലത് പരാജയമാകും. ആദ്യ നിർമാണം ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത് ‘ഭൂതം’ എന്ന സിനിമയാണ്. അത് ഒരു സ്വതന്ത്ര സിനിമയാണ്. ഞാൻ, ജസ്റ്റിൻ, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ, മുകേഷ് മുരളീധരൻ തുടങ്ങിയവർ ഐ.എഫ്.എഫ്.കെ കഴിഞ്ഞ് തിരികെവരുമ്പോൾ വർക്കല പോയി. ഐ.എഫ്.എഫ്.കെ കണ്ട് നല്ല സിനിമകൾ ചെയ്യണം എന്ന ഹാങ് ഓവറിൽ ആയിരുന്നു. കൃത്യമായ തിരക്കഥയൊന്നുമില്ലായിരുന്നു. മനസ്സിൽ തോന്നുന്ന കുറച്ച് ഐഡിയകൾവെച്ച് ഷൂട്ട് ചെയ്തതാണ്. സൗണ്ട് ക്യാപ്ചർ ചെയ്യാൻ അരുൺ അശോകിനെ വിളിച്ചുവരുത്തി. മൂന്നാമത്തെ സിനിമയുടെ പോസ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.
അഭിനയത്തിലെ സംതൃപ്തി
ഓരോ സിനിമ ചെയ്യുമ്പോഴും ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നലുണ്ടാകും. ഒരു വേഷത്തിലും മനസ്സിനെ പരിപൂർണ സംതൃപ്തമാക്കാൻ അഭിനേതാവിന് കഴിയില്ല. ഞാൻ ഒറ്റക്കു നിന്നല്ലല്ലോ അഭിനയിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. എന്നാൽ ഡയറക്ടർക്ക് അത് ഒ.കെയായിരിക്കാം.
സംതൃപ്തി ഉണ്ടാകുന്നതോടെ അഭിനയം അവിടെവച്ച് അവസാനിക്കും. ഓരോ സിനിമ കഴിയുമ്പോഴും എനിക്ക് പലപ്പോഴും സിനിമ നന്നാക്കാമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുക. പോരാ പോരാ എന്ന തോന്നലിൽനിന്നാണ് ഒരു നടൻ കൂടുതൽ മെച്ചപ്പെട്ട് മുന്നോട്ടുപോകുന്നത്. സൂക്ഷ്മതയോടെ, സിനിമകൾ വളരെ കുറച്ച് മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്.
നമ്മളെ വിശ്വസിച്ചുവരുന്ന ഓഡിയൻസിന്റെ വിശ്വാസംകൂടി കണക്കിലെടുക്കണമല്ലോ. പലപ്പോഴും നമ്മൾ വിശ്വസിക്കുന്ന സബ്ജക്ട് വർക്കായി കൊള്ളണമെന്നില്ല. അഭിനയം എന്നത് എന്റെ കൈയിലിരിക്കുന്നതാണ്. അത് മെച്ചപ്പെടുത്തുക മാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്. ബാക്കി എല്ലാവരും കൂടിയാണ് സിനിമ ഉണ്ടാക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളൊക്കെയും വ്യത്യസ്ത സബ്ജക്ടുകളായിരുന്നു.
ഓഡിയൻസ് സൈക്കോളജി
ഓഡിയൻസിന്റെ ഇഷ്ടാനിഷ്ടങ്ങൾ മാറ്റങ്ങൾക്ക് വിധേയമാണ്. ആ മാറ്റങ്ങൾക്കനുസൃതമായി സിനിമ എടുക്കുക, വിജയിപ്പിക്കുക എന്നതാണ് ഒരു വെല്ലുവിളി. അതുകൊണ്ടാവണം പണ്ടത്തെ കുറെ സിനിമകൾ ഇപ്പോൾ ഇറങ്ങിയിട്ടും വർക്ക് ആകാതിരിക്കുന്നത്. അന്ന് തിയറ്ററുകളിൽ ആർത്തുല്ലസിച്ച് കണ്ടിരുന്ന സിനിമകൾ ഇന്ന് കാണുമ്പോൾ അയ്യേ എന്ന് തോന്നുന്നത് അതുകൊണ്ടാകാം.
എന്നാൽ ഇമോഷൻ എപ്പോഴും ഒരുപോലെ ആയിരിക്കും. ബേസിക്കലി ഇമോഷനൽ ആയി പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചാൽ ആ സിനിമയെ വിജയിപ്പിച്ചെടുക്കാൻ കഴിയും എന്നാണ് വിശ്വാസം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ആവശ്യം പ്രേക്ഷകന്റെ ആവശ്യമായി മാറുമ്പോഴാണ് ആളുകൾ സിനിമയുടെ കൂടെ സഞ്ചരിക്കുന്നത്.
തിയറ്ററും ഒ.ടി.ടിയും
നല്ല സിനിമകൾ ഇപ്പോഴും പ്രേക്ഷകർ തിയറ്ററുകളിൽ വന്നു കാണുന്നുണ്ട്. വളരെ സെലക്ടിവാണ് പ്രേക്ഷകർ. മറ്റൊന്ന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഫാമിലിയായി സിനിമക്ക് പോകുമ്പോൾ വൻ തുക ചെലവുവരും. അപ്പോൾ ഒരു ആവറേജ് സിനിമ കാണാൻ ഫാമിലികൾ തിയറ്ററുകളിലെത്തില്ല. അത് ഒ.ടി.ടിയിൽ എത്തുമ്പോൾ കാണാമെന്നേ കരുതൂ. അതേസമയം തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമകൾ അവർ തിയറ്ററിൽ എത്തിത്തന്നെ കാണും. സിനിമ വലുതോ ചെറുതോ എന്നതല്ല.
പ്രേക്ഷകനെ തിയറ്ററുകളിൽ എത്തിക്കുന്ന ഫാക്ടറുകൾ എന്താണ് എന്നതാണ് വിഷയം. എല്ലാവർക്കും വേണ്ടത് പുതുമയുള്ള വിഷയങ്ങളാണ്. പറയുന്ന ഇമോഷനുകൾ പഴയതാണെങ്കിലും വ്യത്യസ്തമായി ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാനായാൽ സിനിമ വിജയിക്കും. പ്രേമം എന്ന സിനിമയിൽ പ്രണയമാണ് പറയുന്നത്. പ്രണയം എത്രകാലമായി എത്രയോ തവണ പറയുന്നതാണ്. പക്ഷേ അത് പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്കിഷ്ടമായി.
പുതിയ സിനിമകൾ
ഇറങ്ങാനുള്ള സിനിമ ‘ജഗൻ’, ഷാജി കൈലാസിന്റേതാണ്. പൊലീസ് വേഷമാണ് ചെയ്യുന്നത്. ഇപ്പോൾ അഭിനയിക്കുന്നത് ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ എന്ന സിനിമയിൽ. പിന്നെ ഞാൻതന്നെ നിർമിക്കുന്ന ഫാമിലി ഫൺ മൂവി വരുന്നുണ്ട്. എല്ലാവരും സിനിമയിറങ്ങുമ്പോൾ കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.