കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനം; വിവർത്തനത്തിൽ പിഴവ്
text_fieldsമമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. 2023 നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിയറ്ററിൽ മികച്ച സ്വീകാര്യത നേടിയ കാതൽ ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്ന, കാതലിന്റെ ഹിന്ദി പതിപ്പിലെ വിവർത്തന പിഴവിനെതിരെ വിമർശനം ഉയരുകയാണ്. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് 'സ്വവർഗരതി'യെ 'ആത്മസുഖം' എന്നാണ് പരാമർശിച്ചത്. ഇതിനെതിരെ ക്വിയർ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു. സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയർ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു.
കാതലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വിഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവർത്തിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നത്. സിനിമയിലെ 74-ാം മിനിറ്റിലെ ഒരു രംഗത്തിൽ, 'സ്വവർഗരതി' എന്ന സബ് ടൈറ്റിൽ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തിൽ 'ആത്മസുഖം' എന്നാണ് പരാമർശിക്കുന്നതെന്നാണ് പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നു. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാതലിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദർശ് സുകുമാരൻ പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് കാതലിന് തിരക്കഥയെരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ദുൽഖറിന്റെ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.