പാക് ഗായകനോട് ക്ഷമ ചോദിച്ച് സോനു നിഗം; 'ഞാൻ ഈ പാട്ട് പാടില്ലായിരുന്നു'
text_fieldsപാക് ഗായകൻ ഒമർ നദീമിന്റെ കോപ്പിയടി ആരോപണത്തിൽ ക്ഷമ ചോദിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. അടുത്തിടെ പുറത്തിറങ്ങിയ സോനു നിഗം ആലപിച്ച സുൻ സുരാ എന്ന ഗാനം, 2009 ൽ പുറത്തിറങ്ങിയ തന്റെ ഗാനമായ ആയേ ഖുദായുടെ പകർപ്പാണെന്ന് ആരോപിച്ചാണ് ഒമർ രംഗത്തെത്തിയത് . ഇതിനെ തുടർന്നാണ് സോനു നിഗം ക്ഷമ പറഞ്ഞത്.
'ഇതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഈ പാട്ടിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു.ദുബൈയിലെ എന്റെ അയൽവാസിയായ കെ.ആർ.കെയാണ് ( കമാൽ ആർ. ഖാൻ) ഈ ഗാനം പാടാൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. ഓമറിന്റെ പാട്ട് നേരത്തെ കേട്ടിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ ഗാനം പാടില്ലായിരുന്നു- സോനു നിഗം കുറിച്ചു.
സോനുവിന്റെ വാക്കുകളിൽ ഒമർ നദീം പ്രതികരിച്ചിട്ടുണ്ട്. 'താങ്കൾ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. എന്റെ പ്രസ്താവനയിൽ ഇത് നിങ്ങൾ ചെയ്തതായി ഞാൻ ഒരിടത്തും പരാമർശിച്ചിട്ടില്ല. താങ്കളുടെ വലിയ ആരാധകനാണ് ഞാൻ. നിങ്ങളുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി- ഒമർ പറഞ്ഞു
സോഷ്യൽ മീഡിയയിലൂടെയാണ് സോനു ആലപിച്ച് പാട്ടിനെതിരെ നദീം രംഗത്തെത്തിയത്. നിർമാതക്കളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്. കൂടാതെ രണ്ടു പാട്ടുകളുടെയും വിഡിയോ ക്ലിപ്പും പങ്കുവെച്ചിരുന്നു. 'ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ കഴിയാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു. നിങ്ങൾ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനൽ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്‍റെ ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ ഉപയോഗിക്കാമായിരുന്നു, എന്നായിരുന്നു നദീം കുറിച്ചത്. പാക് ഗായകന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.