നടി ജിയ ഖാന്റെ മരണം;10 വർഷത്തിന് ശേഷം കുറ്റവിമുക്തനായി നടൻ
text_fieldsബോളിവുഡ് താരം ജിയ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ സുരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതി. ജിയയുടെ ആത്മഹത്യക്ക് പിന്നിൽ സൂരജ് ആണെന്നുള്ള നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് 22 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നുവെങ്കിലും ജിയയുടെ മരണത്തില്‍ സൂരജിന്റെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല.
2013 ജൂണ്‍ മൂന്നാം തിയതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ സൂരജ് തന്റെ മകളെ കൊന്നതാണെന്ന് ആരോപിച്ച് നടിയുടെ അമ്മ കേസ് കൊടുത്തിരുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ജിയയുടെ കുടുംബം. ജിയാ ഖാന്‍ എഴുതിയ ആറ് പേജുള്ള കുറിപ്പും ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. നടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞു പോയ വർഷങ്ങൾ താൻ എങ്ങനെ അതിജീവിച്ചെന്ന് അറിയില്ലെന്ന് നേരത്തെ ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ സൂരജ് പറഞ്ഞിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ എന്നെ ശിക്ഷിക്കുമെന്നും അല്ലാത്തപക്ഷം താൻ ഈ കേസിൽ നിന്നും ആരോപണങ്ങളിൽ നിന്ന് മോചിതനാവുമെന്നും താരം വ്യക്തമാക്കി.
'എട്ട് വർഷം ഞാൻ എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല. കുടുംബം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ഈ വർഷങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ മറക്കാൻ ശ്രമിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. സിബിഐ കോടതി കേസിന്റെ കാര്യത്തിൽ വേഗത്തിലാകുമെന്നാണ് ഞാനും എന്റെ കുടുംബവും പ്രതീക്ഷിക്കുന്നതെന്ന്' താരം മുമ്പ് ബോംബൈ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.