നിങ്ങൾ പറഞ്ഞാൽ വിമാനത്തിന് മുകളിൽ നിന്ന് നൃത്തം ചെയ്യും! മണിരത്നത്തിന് മുന്നിൽ അപേക്ഷയുമായി ഷാറൂഖ് ഖാൻ
text_fieldsഷാറൂഖ് ഖാന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് മണിരത്നം സംവിധാനം ചെയ്ത 'ദിൽ സെ'. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ 'ദിൽ സെ'യിലെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നത്.
ദിൽ സെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാറുഖ് ഖാനും മണിരത്നവും ഒന്നിച്ചിട്ടില്ല. ഇപ്പോഴിതാ മണിരത്നത്തിനോട് ഒരു അഭ്യർഥനയുമായി ഷാറൂഖ് എത്തിയിരിക്കുകയാണ്. തന്നെ ഒരു ചിത്രത്തിൽ കാസ്റ്റ് ചെയ്യണമെന്നാണ് കിങ് ഖാൻ പറയുന്നത്. സി.എൻ.എൻ ന്യൂസ് 18 സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു അഭ്യർഥന. എസ്.ആർ.കെക്ക് മറുപടിയും മണിരത്നം നൽകിയിട്ടുണ്ട്.
'ഇപ്പോൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. അപേക്ഷിക്കുകയാണ്, ഞാൻ എപ്പോഴും പറയാറുള്ളതുപോലെ എന്നോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. ഞാൻ വാക്കു തരുന്നു, നിങ്ങൾ പറയുകയാണെങ്കിൽ ഈ പ്രാവശ്യം വിമാനത്തിന്റെ മുകളിൽ നിന്ന് ഛയ്യ ഛയ്യ നൃത്തം ചെയ്യും'. ഷാറൂഖ് ഖാന്റെ വാക്കുകൾ പൊട്ടിച്ചിരിയോടെയാണ് കാണികൾ കേട്ടത്. 'ഞാൻ ഒരു വിമാനം വാങ്ങുമ്പോൾ' സിനിമ ചെയ്യാമെന്നായിരുന്നു മണിരത്നത്തിന്റെ മറുപടി.
ഇതുകേട്ട ഷാറൂഖ്, 'ഞാൻ ഒരു വിമാനം വാങ്ങിയാലോ' എന്ന് മണിരത്നത്തോട് തിരിച്ച് ചോദിക്കുന്നു. 'മണി, എന്റെ സിനിമകൾ ഇപ്പോൾ എങ്ങനെയാണ് പോകുന്നതെന്ന് അറിയാമല്ലോ? വിമാനം വിധൂരമല്ല, ഞാൻ വരുന്നു' ഷാറൂഖ് കൂട്ടിച്ചേർത്തു. 'ഞാൻ ശരിയാക്കിത്തരാം, വിഷമിക്കേണ്ട' എന്നായിരുന്നു മണിരത്നത്തിന്റെ ഉത്തരം.
2018 ൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം ബോളിവുഡിൽ ശക്തമായി ഷാറൂഖ് ഖാൻ മടങ്ങിയെത്തിയിട്ടുണ്ട്. പോയവർഷം പുറത്തിറങ്ങി എസ്.ആർ.കെ ചിത്രമായ പത്താൻ, ജവാൻ, ഡങ്കി എന്നിവ വൻ വിജയമായിരുന്നു. 2500 കോടിയിലധികമാണ് ഈ മൂന്ന് ചിത്രങ്ങൾ ചേർന്ന് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്. എന്നാൽ 2024 ൽ ഷാറൂഖ് പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന തഗ് ലൈഫാണ് മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളി താരങ്ങളായ ദുൽഖർ സൽമാൻ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ജയം രവി, തൃഷ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റുതാരങ്ങൾ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എ.ആർ.റഹ്മാനാണ് സംഗീതം. തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.