‘2018’ലെ ഉണ്ടാപ്പി ഇവിടെയുണ്ട്...
text_fieldsകുവൈത്ത് സിറ്റി: 2018 ലെ പ്രളയദിനങ്ങൾ മലയാളിയുടെ മനസിൽ നിന്ന് ഇനിയും മാഞ്ഞുപോയിട്ടുണ്ടാകില്ല. അത്രമേൽ നഷ്ടങ്ങളും അനുഭവങ്ങളും സമ്മാനിച്ചവയാണ് ആ പ്രളയദിനങ്ങൾ. ‘2018’ എന്ന പേരിൽ ആ പ്രളയ ദിനങ്ങൾ ജൂഡ് ആന്തണി ജോസഫ് സിനിമയാക്കിയപ്പോൾ ഒരിക്കൽകൂടി സമാന അനുഭവത്തിലൂടെ കടന്നുപോകുന്നു പ്രേക്ഷകർ.
പ്രളയദിനങ്ങളിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും കടന്നുപോയ നിസ്സാഹയതയും, നഷ്ടങ്ങളും, ഐക്യബോധവും, അതിജീവനുമെല്ലാം സിനിമ പങ്കുവെക്കുന്നുണ്ട്. നിറഞ്ഞ സദസ്സിൽ സിനിമ മുന്നേറുമ്പോൾ ആഹ്ലാദാത്താൽ അഭിമാനം കൊള്ളുന്ന ഒരു കുടുംബം കുവൈത്തിലുണ്ട്.
ആലുവ ദേശം സ്വദേശികളായ ബിനു– അശ്വതി ദമ്പതികളും മകൻ പ്രണവ് ബിനുവും. സിനിമയിൽ സുധീഷിന്റെ മകൻ ഭിന്നശേഷിക്കാരനായ ഉണ്ടാപ്പി ആയി അഭിനയിച്ചത് പ്രണവ് ബിനുവാണ്.
എല്ലാം അപ്രതീക്ഷിതം
2019ൽ പരസ്യചിത്രങ്ങളിലേക്ക് കുട്ടികളെ ആവശ്യമുണ്ട് എന്ന ജൂഡ് ആന്തണിയുടെ പരസ്യം കണ്ട് അശ്വതി മകന്റെ ചില ചിത്രങ്ങൾ അയച്ചുകൊടുത്തു. അഭിനയത്തിൽ പാരമ്പര്യവും നേട്ടങ്ങളും ഒന്നും ഇല്ലെങ്കിലും അമ്മയും മകനും ചേർന്ന് ചെയ്യുന്ന ടിക്ടോക്ക് വീഡിയോകളും സോഷ്യൽമീഡിയ റീൽസുമൊക്കെയായിരുന്നു ആത്മവിശ്വാസം. എന്നാൽ ആ പരസ്യചിത്രത്തിലേക്ക് പ്രണവിനെ സെലക്ട് ചെയ്തില്ല.
പിന്നീട് ജൂഡ് ആന്തണി സിനിമാ ആലോചനകൾ തുടങ്ങുകയും കുട്ടികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒന്നും ശരിയായിവന്നില്ല. അപ്പോഴാണ് പഴയ ചിത്രങ്ങൾ മനസിലെത്തിയത്. അതിൽ നിന്ന് പ്രണവ് ബിനു കണ്ണിൽ ഉടക്കി.
പിറകെ രക്ഷിതാക്കളെ ബന്ധപ്പെടുകയും ഓഡിഷനായി കൊച്ചിയിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഓഡിഷന് ചെന്നപ്പോൾ ഭിന്നശേഷിയുള്ള കുട്ടിയായി അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. കുറെ കുട്ടികൾ ഓഡിഷന് വന്നിരുന്നു. എന്നാൽ ജൂഡിന് ഇഷ്ടമായത് പ്രണവിനെ. അങ്ങനെ പ്രണവിന്റെ സിനിമാ പ്രവേശനത്തിന് വഴി തെളിഞ്ഞു.
2019 ൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സിനിമ കോവിഡ് എത്തിയതോടെ ഷൂട്ടിങ് മുടങ്ങി. 2022 ലാണ് വീണ്ടും തുടങ്ങിയത്. പിന്നെതാമസിച്ചില്ല, കുവൈത്തിൽ നിന്ന് നേരെ നാട്ടിലേക്കുവിട്ടു. സ്കൂൾ അവധി ഉള്ളപ്പോഴായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് പഠനത്തിൽ തടസം വന്നില്ല. രക്ഷിതാക്കൾ മാറിമാറി കുവൈത്തിൽ നിന്ന് നാട്ടിലെത്തി കൂടെ നിന്നു. രണ്ടുമാസത്തോളം ലൊക്കേഷനിൽ ഇഷ്ടതാരങ്ങൾകൊപ്പം പ്രണവ് ഇഷ്ടത്തോടെ കഴിഞ്ഞു.
ഇഷ്ടത്തോടെ ചെയ്ത വേഷം
ക്യാമറയുടെ മുന്നില്‍ ആദ്യമെത്തിയപ്പോള്‍ വലിയ പേടി തോന്നിയിരുന്നില്ലെന്ന് പ്രണവ്. ഇഷ്ടത്തോടെയാണ് അഭിനയിക്കാൻ പോയത്. ഷൂട്ടിംഗ് അധിക സമയവും രാത്രിയായിരുന്നു. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുണ്ടായെങ്കിലും സുധീഷ് അങ്കിളും ജിലു ചേച്ചിയും കൂടെ അഭിനയിക്കുന്നവരുടെയും പ്രോൽസാഹനം തന്നു. അതു ഏറെ സഹായകരമായി.
എന്റെ കഥാപാത്രത്തിന് സംഭാഷണം കുറവായിരുന്നു. കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ട് അഭിനയിക്കുന്ന സീൻ കുറച്ചു ബുദ്ധിമുട്ടിച്ചു. വായിൽ പല്ല് ഒക്കെ പിടിപ്പിക്കേണ്ടിയും വന്നു. സിനിമയുടെ ആദ്യ പകുതിയില്‍ ചിരിയും രണ്ടാം ഭാഗത്തില്‍ കൂടുതല്‍ കരച്ചിലുമായിരുന്നു.
പലയിടങ്ങളിലായി കണ്ട ഭിന്നശേഷിക്കാരായ കുട്ടികളെ സിനിമയിൽ അനുകരിക്കുകയായിരുന്നു. അത് വിജയിച്ചെന്ന് തോന്നുന്നുവെന്ന് പ്രണവ്. കാരണം സിനിമകണ്ടെവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. ടൊവിനോ, കുഞ്ചാക്കോ ബോബൻ അങ്ങനെ എറെ ഇഷ്ടമുള്ള ഒത്തിരിതാരങ്ങളെ അടുത്തുകാണാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു.
അഭിനയം തുടരും
അബ്ബാസിയ ഭവൻസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണിപ്പോൾ പ്രണവ്. അഭിനയം പഠനത്തോടപ്പം സീരിയസായി തന്നെ കൊണ്ടുപോകാണ് ആഗ്രഹിക്കുന്നത്. ആദ്യ പടത്തിന് ശേഷം നിരവധി ആളുകൾ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഒന്നിലും കമ്മിറ്റ് ചെയ്തിട്ടില്ല. വൈകാതെ അടുത്ത സിനിമ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും.
സീമെൻസ് കുവൈത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറാണ് പ്രണവിന്റെ പിതാവ് ബിനു. മാതാവ് അശ്വതി കെ.എൻ.പി.സിയിൽ ഐ.ടി ഉദ്യേഗസഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.