‘ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല, അതൊരു നിർഭാഗ്യമായി കരുതുന്നു’; സിദ്ദീഖിനെ അനുസ്മരിച്ച് സുരാജ് വെഞ്ഞാറമൂട്
text_fieldsമലയാള ചലച്ചിത്ര മേഖലയില്‍ തന്‍റെ സിനിമകൾ കൊണ്ട് ചിരിപ്പടക്കം തീർത്ത സംവിധായകൻ സിദ്ദീഖിനെ അനുസ്മരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ അവസരം കിട്ടിയില്ലെന്നും അത് നിര്‍ഭാഗ്യകരമായി കാണുന്നുവെന്നും സുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഹാസ്യ നടനെന്ന് പേരെടുത്തിട്ടും ഒരുപാട് ആഗ്രഹിച്ചിട്ടും സിദ്ദിഖിന്റെ ഒരു ചിത്രത്തില്‍ പോലും അഭിനയിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് സുരാജ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
സുരാജിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം താഴെ
ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല...
കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല...
ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു....
ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്...
എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്...
ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട
ചൊവ്വാഴ്ച്ച രാത്രിയാണ് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഇന്നും പ്രിയങ്കരമായ ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകൻ വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം നടക്കും. വൈകിട്ട് 6 മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.