‘എന്‍റെ വഴി തടഞ്ഞാൽ ഞാനും കേസ് കൊടുക്കും’; മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി
text_fieldsതന്റെ വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി. തൃശൂരിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്. 'വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ട് സഞ്ചരിക്കാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ'? എന്നായിരുന്നു മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ പ്രതികരണം.
കൂടാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിനെ കുറിച്ചുള്ള ചോദ്യത്തിനും സുരേഷ് ഗോപി കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. പ്രതികരണമൊക്കെ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി കൈകാര്യം ചെയ്യുമെന്നും താരം പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്. തനിക്ക് കടുത്ത പ്രയാസ ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. 'മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ, ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.