ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കും -സുരേഷ് ഗോപി
text_fieldsദുബൈ: ഒരു വോട്ടിനെങ്കിലും താൻ തൃശൂരിൽ ജയിക്കുമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ‘ഗരുഢൻ’ സിനിമയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജനങ്ങൾ ജയിപ്പിച്ചാൽ വ്യത്യസ്തമായ തൃശൂരിനെ കാണാനാകും. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവരടക്കം ഇരകളായിട്ടുണ്ടെന്നും ഇരകളുടെ പരാതികൾ സ്വീകരിക്കാൻ യു.എ.ഇയിൽ അദാലത്ത് നടത്താൻ എംബസിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സിനിമ ‘ഗരുഢൻ’ ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണെന്നും കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും നടൻ വ്യക്തമാക്കി. നവംബർ മൂന്നിനാണ് ഗരുഢൻ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ സീദ്ധീഖ്, അഭിരാമി, ദിവ്യ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂർ തട്ടിപ്പിനെതിരെ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ ‘സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയിരുന്നു. തുടർന്ന് ഗതാഗത തടസ്സമുണ്ടാക്കിയതിന് സുരേഷ് ഗോപിയടക്കം 500 പേർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കരുവന്നൂർ മുതൽ തൃശൂർ കോർപറേഷൻ വരെ 18 കി.മീ. ദൂരമാണ് പദയാത്ര നടത്തിയത്. കിതച്ചുകൊണ്ട് നടക്കുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.