'ആ തൊപ്പി ഇപ്പോൾ എന്റെ കൈയിലില്ല'; ഗണേഷ് കുമാർ പറഞ്ഞ 'കമീഷണർ തൊപ്പി' എവിടെ ?, സുരേഷ് ഗോപി പറയുന്നു
text_fieldsപാലക്കാട്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രിയു നടനുമായ കെ.ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. സുരേഷ് ഗോപിക്കല്ല കുഴപ്പം, അദ്ദേഹത്തെ ജയിപ്പിച്ചവർക്കാണെന്നും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പി വെച്ചാണ് സഞ്ചരിച്ചിരുന്നയാളാണെന്നും അത്രയേ അദ്ദേഹത്തെ കുറിച്ച് പറയുന്നുള്ളൂവെന്നും ഗണേഷ്കുമാർ പരിഹസിച്ചിരുന്നു.
എന്നാൽ, ഗണേഷ് കുമാർ പറഞ്ഞ 'കമീഷണർ തൊപ്പി' ഇപ്പോൾ എവിടെയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ അതിന് വ്യക്തത വരുത്തി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കൈയിൽ ആ തൊപ്പിയില്ലായെന്നും ഇടുക്കി തൊടുപുഴയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക് 2014 ൽ കൈമാറിയെന്നാണ് അദ്ദേഹം പറയുന്നത്.
തിങ്കളാഴ്ച പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ, സുരേഷ് ഗോപിയെ ട്രോളിയത്. 'സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മിഷ്ണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്.പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐ.പി.എസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പോലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേക്കാലം എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.'-ഗണേഷ് കുമാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.