ആ ട്രോളുകൾ കണ്ടപ്പോഴാണ് എന്‍റെ കഥാപാത്രങ്ങൾ അങ്ങനെയാണെന്ന് 'കൺവിൻസ്' ആയത്- സുരേഷ് കൃഷ്ണ
text_fieldsസോഷ്യൽ മീഡിയ ട്രെൻഡുകളിൽ നിറഞ്ഞോടുകയാണ് സുരേഷ് കൃഷ്ണയും അദ്ദേഹത്തിന്‍റെ വിളിപ്പേരായ കൺവിൻസിങ് സ്റ്റാറും. മറ്റ് കഥാപാത്രങ്ങളെ ഓരോന്ന് പറഞ്ഞ് കൺവിൻസ് ചെയ്ത് ചതിക്കുന്ന ഒരുപാട് കഥാപാത്രങ്ങളായി സുരേഷ് കൃഷ്ണ് വേഷമിട്ടിരുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ മീമുകൾ ഒരുപാട് ട്രെൻഡിങ് ആയിട്ടുണ്ട്. ഈ മീമുകളും ട്രോളുകളുമെല്ലാം കണ്ടപ്പോഴാണ് താൻ ഇത്രയും വഞ്ചകനായ കഥാപാത്രങ്ങൾ ചെയ്തത കാര്യം ഓർക്കുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു
'ഞാൻ സോഷ്യൽ മീഡിയയിൽ സജീവമല്ല, എന്‍റെ പേജ് പോലും വെരിഫൈഡ് അല്ല. മരണമാസ് എന്ന കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ബേസിൽ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവൻ തുടങ്ങിയവരും ലൊക്കേഷനിലുള്ള മറ്റുള്ളവരുമാണ് 'കൺവിൻസിങ് സ്റ്റാർ' എന്ന മീം ട്രെൻഡിങ് ആണെന്ന് എന്നോട് പറയുന്നത്. ഇത് അറിഞ്ഞപ്പോൾ വളരെ ലാഘവത്തോടെയാണ് ഞാൻ അതെടുത്തത്. വില്ലന്മാരിൽ തന്നെ പല തരമുണ്ടെന്ന് ഈ ട്രെൻഡ് കാണുമ്പോഴാണ് മനസിലാകുന്നത്. ഇത്രത്തോളം വഞ്ചകരായ കഥാപാത്രങ്ങൾ ചെയ്ത കാര്യം ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്', സുരേഷ് കൃഷ്ണ പറഞ്ഞത് ഇങ്ങനെ.
കൃസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിനെ കെണിയിലാക്കി 'നീ പോലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാം' എന്ന് പറഞ്ഞ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ജോർജ് കുട്ടി ഓടിപോകുന്ന സീനുണ്ട്. ആ സീൻ കുത്തിപ്പൊക്കിക്കൊണ്ടായിരുന്നു ഈ ട്രെൻഡ് ആരംഭിച്ചത്. പിന്നീട് കാര്യസ്ഥൻ, തുറുപ്പുഗുലാൻ, മഞ്ഞുപോലൊരു പെൺകുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇത്തരം ചർച്ചകൾക്ക് പിന്നാലെ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ 'കൺവിൻസിങ്' ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.