നടിപ്പിൻ നായകൻ
text_fieldsതെന്നിന്ത്യൻ സൂപ്പർസ്റ്റാർ സൂര്യ സംസാരിക്കുന്നു
‘ഹായ് മാലിനി നാൻ ഇത് സൊല്ലിയെ ആകണം...’ ഡയലോഗ് തുടങ്ങുമ്പോൾതന്നെ ഒരു മുഖം മനസ്സിലേക്കെത്തും. ‘നടിപ്പിൻ നായകൻ’ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ ശിവകുമാർ. ഗജിനി, വാരണം ആയിരം, സില്ലിന് ഒരു കാതൽ, കാക്ക കാക്ക, സൂരറൈ പോട്ര്, ജയ് ഭീം, സിങ്കം... വ്യത്യസ്ത സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ. നേറുക്ക് നേർ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. 2001ൽ നന്ദ എന്ന ചിത്രത്തിലൂടെ നായകനായി. 2006ൽ തെന്നിന്ത്യൻ നായിക ജ്യോതികയുമായുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകൾ. നായക കഥാപാത്രങ്ങൾ മാത്രമല്ല, കൊടൂര വില്ലനാകാനും തനിക്ക് സാധിക്കുമെന്ന് ‘വിക്ര’ത്തിലെ റോളക്സ് എന്ന കഥാപാത്രത്തിലൂടെ സൂര്യ തെളിയിച്ചു.
‘കങ്കുവ’യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം. രണ്ട് കാലങ്ങളെ പ്രതിനിധീകരിക്കുന്ന ഇരട്ട വേഷത്തിലാണ് കങ്കുവയിൽ സൂര്യ എത്തുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും മലയാളികളോടുള്ള സ്നേഹവും സൂര്യ പങ്കുവെക്കുന്നു.
മലയാളത്തുക്ക് അൻപ് തായ് പാസം...
തായ് പാസം മാതിരി, അമ്മ കൊടുക്കുന്ന അൻപ് മാതിരി എത്തനി കുറയുകേയില്ല.... ഇന്ത്യയിലെ മുഴുവൻ സിനിമ വ്യവസായരംഗവുമായി നല്ല ബന്ധമാണ്. മറ്റ് ഇൻഡസ്ട്രികളിലെ അഭിനേതാക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ എന്നിവരുമായൊക്കെ ഇടക്കിടെ ഇടപഴകാൻ അവസരങ്ങളുണ്ടാവാറുണ്ട്. മലയാള സിനിമാരംഗം ഏറ്റവും മികവിലാണ്. മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, ടൈം ഷെഡ്യൂൾ അനുവദിക്കുന്നില്ല. ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമ വളരെ വളരെ ഉയരത്തിലാണ്. മലയാളി പ്രേക്ഷകർ എന്റെ സിനിമ കണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞാൽ അത് എനിക്കുകിട്ടുന്ന വലിയ അംഗീകാരമാണ്.
കങ്കുവ
മനുഷ്യരാശി പിന്നിട്ട വഴികളിലൂടെ, ആയിരക്കണക്കിന് വർഷം മുമ്പുള്ള അവരുടെ ജീവിതത്തിലേക്ക് ടൈം ട്രാവൽ നടത്തി കഥ പറയുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് കങ്കുവ. ആക്ഷനും ഫാൻറസിക്കുമൊപ്പം വിസ്മയകരമായ കഥാസന്ദർഭങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പല തുരുത്തുകളിൽ ജീവിക്കുകയും നീര്, നെരുപ്പ്, ആകാശം, രക്തം എന്നിങ്ങനെയുള്ള വിവിധ പ്രതിഭാസങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്കും കലഹങ്ങൾക്കുമിടയിലേക്ക് പുതിയൊരു വിഭാഗത്തിെൻറ ആഗമനം സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് ഉള്ളടക്കം. ഒപ്പം, മറക്കുവാനും പൊറുക്കുവാനുമുള്ള മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സിനിമ കാണിച്ചുതരുന്നു. നല്ല സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന മലയാളികൾ സിനിമയെ വിലയിരുത്താൻ കഴിവുള്ളവരായതിനാൽ അവരിൽ പ്രതീക്ഷയർപ്പിക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് എത്തുന്നത്. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.