ഓണം ഓർമകളുമായി സ്വാസിക
text_fieldsകുട്ടിക്കാലത്തെ നല്ലോണം
ഓണത്തിന്റെ നല്ലോർമകൾ തെളിഞ്ഞുനിൽക്കുന്നത് കുട്ടിക്കാലത്തായിരുന്നു. ചെറുപ്പത്തിലെ ഓണമായിരുന്നു ശരിക്കും ആഘോഷം. അച്ഛന് ജോലി ഡൽഹിയിലായിരുന്നപ്പോൾ കുറച്ചുനാൾ ഞങ്ങളും അവിടെയായിരുന്നു താമസം. അച്ഛൻ വിദേശത്തുപോയപ്പോൾ ഞാനും അമ്മയും അനിയനും നാട്ടിൽ വന്ന് താമസമാക്കി. ഞാൻ അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആ സമയത്ത് നടത്തിയ ഓണാഘോഷമായിരുന്നു ശരിക്കും ആസ്വദിച്ച് ആഘോഷിച്ച ഓണം. പത്തു ദിവസം ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ, മുക്കുറ്റിപ്പൂ ഒക്കെ കൊണ്ട് അമ്മൂമ്മയുടെ കൂടെയിരുന്ന് പൂക്കളമിടും. അപ്പൂപ്പൻ മണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കിവെക്കും. ഡൽഹി താമസകാലത്ത് അതൊന്നും കാണാൻകഴിഞ്ഞിട്ടില്ല. ഓണക്കോടിയായി പട്ടുപാവാടയും ബ്ലൗസും തരുമായിരുന്നു. അന്നത്തെ ഓണാഘോഷങ്ങൾക്കും ഓണക്കോടികൾക്കും ഭംഗിയേറെയായിരുന്നു.
ഞങ്ങൾ ചെറുപ്പത്തിൽ മൂവാറ്റുപുഴക്കും പെരുമ്പാവൂരിനുമിടയിൽ കീഴില്ലം എന്ന സ്ഥലത്തിനടുത്ത ഷാപ്പുമ്പടിയിലായിരുന്നു താമസം. അത് ഒരു ടൗൺ അല്ല, ഗ്രാമം പോലത്തെ സ്ഥലമായിരുന്നു. താമസസ്ഥലത്തിന് അടുത്ത് ഒരു കുന്നും വീടിന് മുന്നിൽ ഒരു കനാലുമുണ്ടായിരുന്നു. കുറച്ചപ്പുറത്ത് കല്ലിലമ്പലം എന്നറിയപ്പെടുന്ന ഒരു ഗുഹാക്ഷേത്രവുമുണ്ട്. അങ്ങോട്ടുള്ള വഴിയിൽ നിറയെ കാടാണ്. ആ കാട്ടിൽ ചെറിയ ചെറിയ പൂക്കളുണ്ടാകും. അത് ഇറുത്ത് ശേഖരിക്കും. കനാലിന്റെ അരികിലെല്ലാം ചെറിയ മഞ്ഞ പൂവുകളുമുണ്ടായിരുന്നു. കമ്മൽ പൂവുകളെന്നാണ് ഞങ്ങൾ അതിനെ വിളിച്ചിരുന്നത്. ആ പൂക്കൾകൊണ്ട് കമ്മലുണ്ടാക്കും മോതിരമുണ്ടാക്കും. കൂടാതെ തലയിൽ വെക്കുകയും ചെയ്യുമായിരുന്നു. അത്തം എത്തുന്നതോടെ പത്ത് ദിവസം ഞങ്ങൾ പിള്ളേരെല്ലാം കൂടി അതിലൂടെ നടന്ന് കമ്മൽ പൂ, കൊങ്ങിണി പൂ, കദളി പൂ, തൊട്ടാവാടി പൂ തുടങ്ങിയ പൂവുകളൊക്കെ മത്സരബുദ്ധിയോടെ ശേഖരിക്കും. ഒടുവിൽ വളരെ കുറച്ചുകിട്ടിയവർക്ക് പകുത്തുകൊടുക്കും. പൂവുള്ള അടുത്ത വീടുകളിൽ പോയി അവരോട് ചോദിച്ചും പൂവിറുത്ത് വരും. എന്നിട്ട് ആ പൂവുകൾകൊണ്ടൊക്കെ പൂക്കളമിടും. പിന്നെ അത്തം പത്തിന് ഓണത്തപ്പൻ ഉണ്ടാക്കാൻ തുമ്പപ്പൂ ശേഖരിക്കുമ്പോൾ കടുത്ത മത്സരമായിരിക്കും. അതുവരെ പൂവിറുക്കാൻ പോകുന്നത് മുൻകൂട്ടി അറിയിച്ചാണെങ്കിൽ അന്ന് ആരെയും അറിയിക്കാതെ ചിലർ വെളുപ്പിനുതന്നെ പൂവ് അടിച്ചുമാറ്റിയിട്ടുണ്ടാകും. ഞങ്ങൾ കുറച്ചുപേർ അതിന്റെ പേരിൽ കലഹിക്കാറൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ പൂ പറിച്ച് പൂക്കളിടാറില്ലെങ്കിലും ഞാനും അമ്മയും ഇപ്പോഴും കാട്ടിലൊക്കെ ചിലപ്പോൾ തുമ്പപ്പൂ പറിക്കാൻ പോകാറുണ്ട്.
ഷൂട്ടിങ് സ്ഥലത്തെ ഓണം
ഷൂട്ടിങ് ലൊക്കേഷനിലെ ആഘോഷം അത് പക്ഷേ, പൂക്കളമൊന്നുമിടാതെ, വെറും സദ്യയിലൊതുങ്ങുന്ന ആഘോഷമാണ്. അങ്ങനെ സിനിമയിലെത്തിയതിന് ശേഷം ഓണമാഘോഷിച്ചത് 'കട്ടപ്പനയിലെ റിതിക് റോഷൻ' സിനിമ സെറ്റിൽ വെച്ചാണ്. അതിൽ എല്ലാവരും ഓണസദ്യ കഴിച്ചു, പാട്ടുകൾ പാടി.
ചാനലുകളിലെ ഓണാഘോഷം
പിന്നെ ചാനലുകളിലെ ഓണാഘോഷമാണ്. ഒരിക്കൽ ചാക്കോച്ചന്റെ കൂടെ ഒരു ചാനൽ പരിപാടിയിൽ ഓണമാഘോഷിക്കാൻ ഭാഗ്യമുണ്ടായി. അന്ന് പൂക്കളമത്സരവും കലം തല്ലി ഉടക്കൽ, കസേലകളി തുടങ്ങിയ മത്സരങ്ങളുമെല്ലാമായി ബഹുരസമായിരുന്നു.
വിദേശങ്ങളിലെ ഓണാഘോഷം
മറ്റൊരിക്കൽ യു.എസിൽ പരിപാടികളുമായി പോയപ്പോൾ അവിടെ വെച്ച് ഓണമാഘോഷിക്കാൻ അവസരമുണ്ടായി. അപ്പോൾ നമ്മൾ ഇവിടെ ഓണമാഘോഷിക്കുന്നതിനേക്കാൾ ഗംഭീരമായാണ് അവിടത്തെ ആഘോഷമെന്ന് മനസ്സിലായി. പത്ത് ദിവസത്തിൽ ഓരോ ദിവസവും ഓരോ രീതിയിലെ ആഘോഷമായിരുന്നു. പാരമ്പര്യവസ്ത്രങ്ങളണിഞ്ഞ് എല്ലാം ഒത്ത ഓണാഘോഷമായിരുന്നു. തിരുവോണത്തിന്റെ അന്ന് കമ്പവലി, ഉറിയടി, കസേരകളി തുടങ്ങിയ മത്സരങ്ങളൊക്കെ നടത്തി. ഇലയിട്ട് ഗംഭീരസദ്യയും നടത്തി. രാവിലെ 10ന് തുടങ്ങിയ ആഘോഷം രാത്രി 10നാണ് അവസാനിക്കുക.
നാടും നാട്ടിലെ ആഘോഷങ്ങളും മിസ്സാവുന്നതുകൊണ്ടുള്ള നൊസ്റ്റാൾജിയയും അവിടത്തെ െറസിഡൻഷ്യൽ- മലയാളി അസോസിയേഷനുകളുടെ സജീവ ഇടപെടലുകളുമാണ് ഓണാഘോഷങ്ങൾ പോലുള്ളത് നിറമുള്ളതാക്കുന്നത്. അവിടത്തെ ജോലിത്തിരക്കുകൾക്കിടയിൽ ഇത്തരം ആഘോഷങ്ങളാണ് അവർക്ക് ആശ്വാസമേകുന്നത്. അതിനാൽ അവർ കൃത്യമായി ഓണാഘോഷങ്ങൾ പോലുള്ളവ പിന്തുടരുന്നു. നമ്മുടെ നാട്ടിലാകുമ്പോൾ എന്നും ആഘോഷങ്ങളും ഗെറ്റ് ടുഗതറുകളുമുണ്ട്. അതിനാൽ വർഷത്തിൽ ഒരിക്കലുള്ള കൂടിച്ചേരൽ എന്നനിലക്ക് കൂടിയാകണം അവരുടെ ഓണാഘോഷങ്ങൾ ഇത്രക്ക് വലുതാകാൻ കാരണം.
ഓണത്തിന്റെ ഇന്നത്തെ പ്രസക്തി
പിന്നെ ഓണത്തിന് ജാതിമത ഭേദമന്യേ മലയാളികളുടെ ആഘോഷം എന്ന പ്രത്യേകത കൂടിയുണ്ട്. അതിന് ഇക്കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട്. നാട്ടിൽ വീടുകളിലാണെങ്കിലും ഓഫിസുകളിലാണെങ്കിലും ഷൂട്ടിങ് സ്ഥലങ്ങളിലാണെങ്കിലും എല്ലാവരും ഒരുമിച്ചാണ് ആഘോഷിക്കാറ്. മറ്റു മതസ്ഥർ എന്നും ഓണപ്പൂക്കളമിടുകയോ ഓണത്തപ്പൻ ഇടുകയോ ഒന്നും ചെയ്യില്ലായിരിക്കാം. അവർ തിരുവോണത്തിന്റെ അന്ന് മാത്രം ചിലപ്പോൾ പൂക്കളമിട്ടേക്കാം. എന്നാൽ, ഓണത്തിന്റെ മറ്റ് ആഘോഷങ്ങൾ എല്ലാം ഒരുമയോടെ എല്ലാവരും കൂടിയാണ് ചെയ്യാറുള്ളത്.
ഇത്തവണത്തെ ഓണം
ഇത്തവണ ഓണം ഗൾഫിലാണ്. മസ്കത്തിൽ ഒരു പ്രോഗ്രാമുമായി പോകുന്നു. സെപ്റ്റംബർ ആറിന് പോകും എട്ടിന് അവിടെ ഓണം ആഘോഷിക്കും. ഒമ്പതിന് ഷോ കഴിഞ്ഞ് 10ന് തിരികെ വരും. ഗൾഫിൽ ഓണമാഘോഷിക്കുന്നത് ആദ്യമായിരിക്കും. അപ്പോൾ എല്ലാവർക്കും ഓണാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.