ഞാൻ എപ്പോഴും അവരെ ആരാധിച്ചിരുന്നു, ബിഗ് സ്ക്രീനില്‍ ശ്രീദേവിയാവാൻ ആഗ്രഹം -തമന്ന
text_fieldsശ്രീദേവിയെ സ്‌ക്രീനിൽ അവതരിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തമന്ന ഭാട്ടിയ. തന്‍റെ അമ്മയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകൾ ഖുഷി കപൂർ പറഞ്ഞതിന് പിന്നാലെയാണ് തമന്ന തന്‍റെ ആഗ്രഹം തുറന്നുപറഞ്ഞത്. അടുത്തിടെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂർ ശ്രീദേവി അഭിനയിച്ച അവസാന ചിത്രം മോമിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഖുഷി കപൂറിനെ ഈ ചിത്രത്തില്‍ ലീഡ് റോളില്‍ കൊണ്ടുവരും എന്നാണ് ബോണി കപൂര്‍ പ്രതികരിച്ചത്.
ഏത് നടിയുടെ ജീവിതം സ്‌ക്രീനിൽ അവതരിപ്പിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിനാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്. 'അത് ശ്രീദേവി ആയിരിക്കും, അവർ സൂപ്പർ ഐക്കണിക് ആണ്. ഞാൻ എപ്പോഴും ആരാധിച്ചിരുന്ന ഒരാളായിരുന്നു ശ്രീദേവി'. തമന്ന പറഞ്ഞു.
സ്റ്റീരിയോടൈപ്പുകൾ തകർത്ത ശ്രീദേവിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. 50 വർഷത്തിലേറെ നീണ്ട അവരുടെ സിനിമ ജീവിതത്തിൽ മിസ്റ്റർ ഇന്ത്യ, സദ്മ, ഹിമ്മത്വാല, ഖുദാ ഗവ, ലാഡ്‌ല, ജുദായ്, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലറായ മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.