' ഒരു ഉപയോഗമില്ലാത്ത റിപ്പോർട്ട്'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് തനുശ്രീ ദത്ത
text_fieldsഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോൾ റിപ്പോർട്ടിനെതിരെ രക്ഷവിമർശനവുമായി നടി തനുശ്രീ ദത്ത. ഇതൊരു ഉപകാരമില്ലാത്ത റിപ്പോർട്ടാണെന്നും ഈ റിപ്പോർട്ടുകളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും നടി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യമാണ് സുരക്ഷിതമായ തൊഴിലിടമെന്നും കൂട്ടിച്ചേർത്തു.
'ഈ കമ്മിറ്റികളും റിപ്പോർട്ടുകളും എനിക്ക് മനസിലാകുന്നില്ല. ഇത് ഉപയോഗശൂന്യമാണെന്നാണ് എനിക്ക് തോന്നുന്നത്. 2017 ൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ ഏഴ് വർഷമെടുത്തു. എന്താണ് ഈ പുതിയ റിപ്പോർട്ടിന്റെ പ്രയോജനം. പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ഈ അവസരത്തിൽ ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച വിമൻസ് ഗ്രീവൻസ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയെ ഓർക്കുന്നു. ശേഷം എന്താണ് സംഭവിച്ചത്. കമ്മിറ്റികളുടെ പേര് മാത്രം മാറിക്കൊണ്ടിരിക്കുന്നു- തനുശ്രീ ദത്ത തുടർന്നു.
എനിക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള കമ്മിറ്റിയും റിപ്പോർട്ടുകളും യഥാർഥ ജോലി ചെയ്യാതെ നമ്മുടെ സമയം പാഴാക്കന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സുരക്ഷിതമായ ജോലി സ്ഥലം ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്- തനുശ്രീ ദത്ത പറഞ്ഞു.
2018 -ൽ നടൻ നാനാ പടേക്കർക്കെതിരെ മീ ടൂ ആരോപണവുമായി തനുശ്രീ ദത്ത രംഗത്തെത്തിയിരുന്നു. നടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് ലൈംഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവർ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.