നടൻ സോനു സൂദിനായി അമ്പലം പണിത് തെലങ്കാന ഗ്രാമം
text_fieldsഹൈദരാബാദ്: വെള്ളിത്തിരയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നായകനാണെന്ന് മഹാമാരിക്കാലത്ത് തെളിയിച്ച നടനാണ് സോനു സൂദ്. ഇപ്പോൾ ഇന്ത്യയുടെ യഥാർഥ ഹീറോ സോനുവാണെന്ന് വിശേഷിപ്പിച്ച് താരത്തിനായി അമ്പലം പണിതിരിക്കുകയാണ് തെലങ്കാനയിലെ സിദ്ദിപ്പെട്ട് ജില്ലയിലെ ഡുബ്ബ താൻഡ ഗ്രാമവാസികൾ. താരത്തിന്‍റെ പ്രതിമ പ്രതിഷ്ഠിച്ച അമ്പലത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ചയാണ് നടന്നത്.
ഗ്രാമീണർ സൂദിന്‍റെ ശിൽപത്തിൽ തിലകം ചാർത്തുകയും ആരതി ഉഴിയുകയും ചടങ്ങിൽ തനത് നൃത്തരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സോനൂ സൂദിന്‍റെ പ്രതിമയുടെ ശിൽപി മധുസൂദൻ പാലും പങ്കെടുത്തു. ശിൽപത്തിന് പിന്നിൽ ഇന്ത്യയുടെ യഥാർഥ ഹീറോ സോനൂ സൂദ് അമ്പലം എന്ന് എഴുതിയ ബാനറും തൂക്കിയിരുന്നു.
കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഡബ്ബ ഗ്രാമത്തിൽ അമ്പലം പണിതതെന്നായിരുന്നു ഗ്രാമീണരുടെ പ്രതികരണം. ഇതൊന്നും താൻ അർഹിക്കുന്നില്ലെന്ന് നടൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ലോക്ഡൗൺ സമയത്ത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത സോനൂ സൂദ് കൈയ്യടി നേടിയിരുന്നു.
അടുത്തിടെ പാവപ്പെട്ടവരെയും അന്തർസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്‍റെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും വിറ്റ് താരം 10 കോടി രൂപ സമാഹരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.